'തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല'; അമിത് ഷായെ തള്ളി ബിജെപി സംസ്ഥാന നേതൃത്വം
ഞാനടക്കം ഇവിടെയുള്ള ആരും ഹിന്ദി സംസാരിക്കില്ലെന്ന് തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ
ചെന്നൈ: ഹിന്ദി ഭാഷ വിഭാഗത്തിൽ കേന്ദ്രനേതൃത്വത്തെ തള്ളി തമിഴ്‌നാട് ബി.ജെ.പി. തമിഴ്‌നാട്ടിൽ ഹിന്ദി ഭാഷ അടിച്ചേൽപിക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ പറഞ്ഞു. രാജ്യത്ത് എല്ലാവരും ഹിന്ദു സംസാരിക്കണമെന്ന അമിത്ഷായുടെ പ്രസ്ഥാവനയെക്കെതിരെ തമിഴ്‌നാട് ഉൾപ്പെടുയുള്ള സംസ്ഥാനങ്ങളിൽ വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നിലപാട് വ്യക്തമാക്കിയത്.
'ജോലി, വിദ്യാഭ്യാസം അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്ക് വേണമെങ്കിൽ ഹിന്ദി പഠിക്കാം, പക്ഷേ അത് അടിച്ചേൽപ്പിക്കാൻ കഴിയില്ല. ഞാനടക്കം ഇവിടെയുള്ള ആരും ഹിന്ദി സംസാരിക്കില്ല. നമ്മൾ ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ ഒരു ഭാഷ പഠിക്കേണ്ട സാഹചര്യം ഇവിടെയില്ല'എന്നും അണ്ണാമലൈ പറഞ്ഞു.ചൊവ്വാഴ്ച ചെന്നൈയിലെ സംസ്ഥാന പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഹിന്ദിഭാഷ വിവാദത്തിൽ അണ്ണാമലൈ നിലപാട് വ്യക്തമാക്കിയത്.
' കഴിഞ്ഞ 40 വർഷത്തിലേറെയായി കോൺഗ്രസ് ഹിന്ദി ഭാഷാ പ്രശ്നം രാഷ്ട്രീയവൽക്കരിച്ചുവെന്നും എന്നാൽ ഹിന്ദി പ്രധാന ഭാഷയാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചില്ലെന്നും മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈ അവകാശപ്പെട്ടു.
' ഹിന്ദിക്ക് പകരം ഇന്ത്യയിൽ എല്ലായിടത്തും തമിഴ് ഉപയോഗിക്കുന്നത് നമുക്കെല്ലാവർക്കും അഭിമാനമാണ്. എന്നാൽ ഞങ്ങൾ അതിനുള്ള ശ്രമങ്ങൾ ആരെങ്കിലും നടത്തിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. തമിഴ് ലിങ്ക് ലാംഗ്വേജ് ആക്കണമെന്ന ഓസ്‌കാർ ജേതാവായ സംഗീതജ്ഞൻ എആർ റഹ്‌മാന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തമിഴിനെ ലിങ്ക് ഭാഷയാക്കാൻ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആദ്യം ചെയ്യേണ്ടത് കുറഞ്ഞത് 10 സ്‌കൂളുകളിലെങ്കിലും പൂർണ്ണമായും തമിഴിൽ പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് മറ്റെല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് കത്തയക്കണം. കൂടാതെ, ഈ പരിശീലനത്തിനുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം അമിത് ഷായുടെ ഹിന്ദി ഭാഷ പ്രസ്താവനയെ തള്ളി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ നേരത്തെ രംഗത്തെത്തിയിരുന്നു.