ഗോവയില്‍ ജയിച്ചാല്‍ 2024ല്‍ കോണ്‍ഗ്രസ് ഇന്ത്യ ഭരിക്കും: പി ചിദംബരം
പനാജിയില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചിദംബരം
അടുത്ത വർഷം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന ആത്മവിശ്വാസവുമായി പി ചിദംബരം. പനാജിയില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചിദംബരം. ഗോവയില്‍ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക ചിദംബരത്തിന്‍റെ നേതൃത്വത്തിലാണ്.
"ചരിത്രത്തിൽ നിന്ന് ഒരു കാര്യം ഞാൻ പറയട്ടെ... ഗോവയില്‍ ജയിച്ചാല്‍ ഡല്‍ഹിയിലും (കേന്ദ്രം) ജയിക്കും. 2007ൽ നമ്മള്‍ ഗോവ നേടി. 2009ൽ നമ്മൾ ലോക്ഭാ തെരഞ്ഞെടുപ്പിലും വിജയിച്ചു. 2012ൽ നിർഭാഗ്യവശാൽ നമുക്ക് ഗോവ നഷ്ടപ്പെട്ടു. 2014ൽ നമ്മള്‍ കേന്ദ്രത്തിലും തോറ്റു. 2017ൽ നിങ്ങൾ (പാർട്ടി പ്രവർത്തകരെ പരാമർശിച്ച്) ഗോവയില്‍ വിജയിച്ചു. പക്ഷേ നമ്മുടെ നിയമസഭാംഗങ്ങൾക്ക് ഗോവ നഷ്ടമായി"- 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതു ചൂണ്ടിക്കാട്ടി ചിദംബരം പറഞ്ഞു.
2017ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ 40 അംഗ സഭയിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയുണ്ടായി. എന്നാല്‍ ബിജെപി സ്വതന്ത്രരെയും ചില പ്രാദേശിക പാര്‍ട്ടികളെയും ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. പിന്നീട് പല കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയിലെത്തി. നിലവില്‍ നാല് എംഎല്‍എമാര്‍ മാത്രമാണ് ഗോവയില്‍ കോണ്‍ഗ്രസിനുളളത്.
ഇത്തവണ തന്റെ പാർട്ടി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുകയാണെന്നും 2022ൽ ഗോവയും 2024ൽ ഡൽഹിയും പിടിക്കുമെന്നും ചിദംബരം പറഞ്ഞു. ചരിത്രം നമ്മുടേതാണെന്ന് ചിദംബരം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞു. ഗോവയുടെ സുവര്‍ണ വര്‍ഷങ്ങള്‍ തിരികെകൊണ്ടുവരും. വ്യവസായം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലെ മുന്‍കാല വികസനം ഓര്‍ക്കണമെന്നും ചിദംബരം പറഞ്ഞു.
"ഗോവയ്ക്ക് ഒരു അധിനിവേശക്കാരന്‍റെയും രാഷ്ട്രീയ കോളനിയാകാൻ കഴിയില്ല. ഗോവ ഗോവക്കാരുടേതാണ്. ഗോവയെ ഗോവക്കാര്‍ തന്നെ ഭരിക്കും"- ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പേരു പരാമര്‍ശിക്കാതെ ചിദംബരം പറഞ്ഞു. കൂടുതല്‍ യുവനേതാക്കള്‍ ഗോവയില്‍ നിന്നു ഉയര്‍ന്നുവരും. സ്ത്രീകൾ, പട്ടികവർഗക്കാർ, മത്സ്യത്തൊഴിലാളികള്‍, ദലിതർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ നേതൃനിരയില്‍ വരുമെന്നും ചിദംബരം പറഞ്ഞു. തെരഞ്ഞെടുപ്പ് ഓഫീസുകളെ എങ്ങനെ ഊർജസ്വലമായ തെരഞ്ഞെടുപ്പ് ഓഫീസുകളാക്കി മാറ്റാം എന്നതിനെക്കുറിച്ച് പാർട്ടി പ്രവർത്തകർക്ക് മാർഗനിർദ്ദേശം നൽകുമെന്നും ചിദംബരം വിശദീകരിച്ചു.
100 ദിവസം കഴിഞ്ഞാല്‍ ഗോവയില്‍ തെരഞ്ഞെടുപ്പുണ്ടാകും. തെരഞ്ഞെടുപ്പിന്‍റെ തിയ്യതി കൃത്യമായി അറിയില്ല. പക്ഷേ ഇന്നു മുതൽ കൗണ്ട്ഡൗണ്‍ തുടങ്ങുകയാണ്. എല്ലാ ദിവസവും നമ്മൾ മുന്നേറണം. കൂടുതൽ ഹൃദയങ്ങള്‍ കവരണമെന്നും ചിദംബരം പറഞ്ഞു.