വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ച് അപകടം; ആളപായമില്ല
അപകടത്തിൽ ഏവിയേഷൻ റെഗുലേറ്ററി ബോഡി ഉന്നതതല അന്വേഷണം ആരംഭിച്ചു
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ച് അപകടം. ചെന്നൈ, ദര്‍ഭംഗ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് അപകടത്തില്‍ പെട്ടത്. എന്നാല്‍ അപകടത്തില്‍ ആളാപായമില്ല.
കൂട്ടിമുട്ടലിന്റെ ആഘാതത്തില്‍ വിമാനങ്ങളുടെ ചിറക് തകര്‍ന്ന് വീഴുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ വിവരമറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് ഏവിയേഷൻ റെഗുലേറ്ററി ബോഡി ഉന്നതതല അന്വേഷണം ആരംഭിച്ചു.
രാവിലെ 10.40 ഓടെ എയര്‍ ഇന്ത്യ വിമാനം ചെന്നൈയിലേക്ക് പറക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. 163 യാത്രക്കാരും ആറ് ക്യാബിന്‍ ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. അതേസമയം, ഇന്‍ഡിഗോ 6E 6152 വിമാനം കൊല്‍ക്കത്തയില്‍ നിന്ന് ദര്‍ഭംഗയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്നു. 149 യാത്രക്കാരും 6 ക്യാബിന്‍ ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.