40 ദിവസത്തിനിടെ 20 എന്‍കൗണ്ടര്‍; വ്യാജ ഏറ്റുമുട്ടലുകളെന്ന് അസം പൊലീസിനെതിരെ പരാതി

പ്രതികൾ പൊലീസ് കസ്റ്റഡിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന വാദമുയർത്തിയാണ് പൊലീസ് എന്‍കൗണ്ടറുകൾ നടത്തുന്നതെന്നാണ് പരാതി

Update: 2021-07-12 05:50 GMT
40 ദിവസത്തിനിടെ 20 എന്‍കൗണ്ടര്‍; വ്യാജ ഏറ്റുമുട്ടലുകളെന്ന് അസം പൊലീസിനെതിരെ പരാതി
AddThis Website Tools
Advertising

അസം പൊലീസിന്റെ ഏറ്റുമുട്ടലുകൾക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി അഭിഭാഷകന്‍. ഡല്‍ഹിയിലെ അഭിഭാഷകനായ ആരീഫ് ജാവ്ദരാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചുമതലയേറ്റതിനുശേഷം ആരംഭിച്ച  ഏറ്റമുട്ടലുകളെക്കുറിച്ചാണ് കമ്മീഷന് പരാതി നല്‍കിയത്.

വ്യാജ ഏറ്റുമുട്ടലുകളിലൂടെ കുറ്റവാളികളെ അസം പൊലീസ് വെടിവെച്ചുകൊന്നുവെന്നാണ് പരാതി. ജൂണ്‍ ഒന്നിന് ശേഷം, 20 ലധികം എന്‍കൗണ്ടറുകള്‍ നടന്നിട്ടുണ്ടെന്നും ഇതില്‍ കുറഞ്ഞത് അഞ്ച് സംഭവങ്ങളിലെങ്കിലും പ്രതികൾ മരിച്ചിട്ടുണ്ടെന്നും ആരീഫിന്റെ പരാതിയിൽ പറയുന്നു.

പ്രതികൾ പൊലീസ് കസ്റ്റഡിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന വാദമുയർത്തിയാണ് പൊലീസ് എന്‍കൗണ്ടറുകൾ നടത്തുന്നതെന്നാണ് അഭിഭാഷകന്റെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഞായറാഴ്ച മാത്രം സെന്‍ട്രറല്‍ അസമില്‍ രണ്ട് പൊലീസ് എന്‍കൗണ്ടറുകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കസ്റ്റഡി എന്‍കൗണ്ടറുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനയുമായി കഴിഞ്ഞ ആഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മതന്നെ രം​ഗത്തെത്തിയിരുന്നു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ക്രിമിനലുകളെ വെടിവെച്ചു കൊല്ലുന്ന രീതി മാതൃകയാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അസമിലെ പൊലീസ് രീതികള്‍ മാറ്റുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫിസ് തിങ്കളാഴ്ച പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ക്രിമിനലുകളെ വെടിവെക്കാമെന്ന പ്രസ്താവന വിവാദമായിരുന്നുവെങ്കിലും നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുഖ്യമന്ത്രി.

'ഒരു ക്രിമിനല്‍, പൊലീസുകാരന്റെ സര്‍വിസ് തോക്ക് തട്ടിപ്പറിച്ച് ഓടുകയാണെങ്കില്‍ കാലില്‍ വെടിവെക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. വെടിവെപ്പ് സംഭവങ്ങള്‍ സംസ്ഥാനത്ത് പതിവാകുകയാണോ എന്ന് എന്നോട് ആരെങ്കിലും ചോദിച്ചാല്‍, കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് നേരെ അത്തരം വെടിവെപ്പുകള്‍ ഒരു മാതൃകാ രീതിയായി സ്വീകരിക്കണമെന്ന മറുപടിയാണ് ഞാന്‍ നല്‍കുക' - ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News