മലയാളിയടക്കം 6 മാവോയിസ്റ്റുകള്‍ കർണാടകയില്‍ കീഴടങ്ങുന്നു
സിറ്റിസണ്‍ ഇന്‍ഷ്യേറ്റീവ് ഫോർ പീസ് എന്ന സംഘടയുടെ മധ്യസ്ഥതയിലാണ് കർണാടക സർക്കാരുമായി ചർച്ച നടത്തിയത്
ബെംഗളൂരു: മാവോയിസ്റ്റ് ഭീഷണി അവസാനിപ്പിക്കാനുളള പ്രവർത്തനങ്ങളില്‍ നിർണായക നീക്കം. മലയാളിയടക്കം ആറു മാവോയിറ്റുകള്‍ ഇന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തില്‍ കീഴടങ്ങും. വയനാട് മക്കിമല സ്വദേശി ജിഷയടക്കം ആറുപേരാണ് സായുധ പോരാട്ടം നിർത്തുന്നത്. കർണാടക സർക്കാർ സിറ്റിസണ്‍ ഇന്‍ഷ്യേറ്റീവ് ഫോർ പീസ് എന്ന സംഘടനയുടെ മധ്യസ്ഥതയില്‍ നടത്തി നീക്കമാണ് വിജയിച്ചത്.
വയനാട് മക്കിമല സ്വദേശിയായ ജിഷ, തമിഴ്നാട് ആർക്കോട്ട് സ്വദേശി വസന്ത്, കർണാടക സ്വദേശികളായ ലത,വനജാക്ഷി,സുന്ദരി, ജയണ്ണ എന്ന മാരപ്പ എന്നിവരാണ് ഇന്ന് കർണാടകയിലെ ചിക്കമംഗളൂരില്‍ കീഴടങ്ങുന്നത്. സായുധ പോരാട്ടം നിർത്തി ജനാധിപത്യ പോരാട്ടത്തിലേക്ക് വരാനുള്ള സന്നദ്ധത ഈ ആറുപേരും അറിയച്ചതോടെയാണ് കീഴടങ്ങല്‍ സാധ്യത തെളിഞ്ഞത്.
ഗൗരി ലങ്കേഷ് സ്ഥാപിച്ച കർണാടകയിലെ മനുഷ്യാവകാശ സംഘടനയായ സിറ്റിസണ്‍ ഇന്‍ഷ്യേറ്റീവ് ഫോർ പീസ് ചർച്ചക്ക് മധ്യസ്ഥം വഹിച്ചു. ലതയാണ് കർണാടകയില്‍ മാവോയിസ്റ്റ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ലതയും സുന്ദരിയും വനജാക്ഷിയും ഭൂമി നഷ്ടപ്പെട്ടതിനെ തുടർന്ന് പ്രതിഷേധത്തിനിറങ്ങുകയും പിന്നീട് സായുധപോരാട്ടത്തിലേക്ക് മാറിയവരുമാണ്. എട്ടാം ക്സാസ് വരെ പഠിച്ച ആദിവാസിയായ ജിഷ 2018 മുതലാണ് ആയുധം കയ്യിലെടുത്തത്. ബി ടെക്കുകാരനായ വസന്തും ബിരുദ വിദ്യാഭ്യാസം നേടിയ മാരപ്പയും വിദ്യാഭ്യാസ കാലത്താണ് മാവോയിസ്റ്റ് ആശയങ്ങളിലേക്ക് ആകൃഷ്ടരായത്.