ഭർത്താവിന്റെ കിഡ്‌നി വിറ്റുകിട്ടിയ 10 ലക്ഷം രൂപയുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടി
പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ സംക്രയിലാണ് സംഭവം.


കൊൽക്കത്ത: ഭർത്താവിന്റെ കിഡ്‌നി വിറ്റുകിട്ടിയ 10 ലക്ഷം രൂപയുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ സംക്രയിലാണ് സംഭവം. 10 വയസ്സുള്ള മകളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി പണം കരുതിവെക്കാമെന്ന് പറഞ്ഞ് നിർബന്ധിച്ചാണ് യുവതി ഭർത്താവിനെക്കൊണ്ട് കിഡ്‌നി വിൽപ്പിച്ചത്.
ഭാര്യയുടെ നിരന്തരമായ നിർബന്ധത്തെ തുടർന്ന് യുവാവ് കിഡ്‌നി വിൽക്കാൻ സമ്മതിക്കുകയായിരുന്നു. ഒരു വർഷം നീണ്ട തിരച്ചിലിന് ശേഷം മൂന്നുമാസം മുമ്പാണ് കിഡ്‌നി മാറ്റിവെക്കൽ ആവശ്യമായ രോഗിയെ കണ്ടെത്തുന്നത്. 10 ലക്ഷം രൂപക്ക് കിഡ്‌നി നൽകാൻ കരാറിലെത്തുകയായിരുന്നു. കിഡ്‌നി വിറ്റുകിട്ടിയ പണം തങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങൾക്ക് ചെറിയ തോതിലെങ്കിലും ആശ്വാസമാകുമെന്ന പ്രതീക്ഷയിലായിരുന്നു യുവാവ്.
എന്നാൽ നിർബന്ധിച്ച് കിഡ്‌നി വിൽപ്പിച്ചതിന് പിന്നിൽ തന്റെ ഭാര്യക്ക് മറ്റു ലക്ഷ്യങ്ങളുണ്ടായിരുന്നു എന്ന് യുവാവ് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട രവി ദാസ് എന്നയാളുമായി യുവതി പ്രണയത്തിലായിരുന്നു. ഭർത്താവിന്റെ കിഡ്‌നി വിറ്റുകിട്ടിയ 10 ലക്ഷം രൂപയുമായി യുവതി ഇയാൾക്കൊപ്പം പോയി. ഭാര്യ കാമുകനൊപ്പം താമസിക്കുന്ന വീട്ടിൽ യുവാവ് മകളുമായി ചെന്നെങ്കിലും വിവാഹമോചന നോട്ടീസ് അയക്കാമെന്നായിരുന്നു മറുപടി. പൊലീസിൽ പരാതി നൽകിയ യുവാവ് തനിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ്.