യു.പിയിൽ സൂപ്പർവൈസറും സംഘവും കൂട്ടബലാത്സംഗം ചെയ്ത 19കാരിയായ സുരക്ഷാ ജീവനക്കാരി മരിച്ചു
യുവതിയെ സൂപ്പർവൈസറും മറ്റ് രണ്ട് ഗാർഡുകളും ചേർന്ന് മർദിച്ചതായും വീട്ടുകാർ ആരോപിച്ചു.
ഗാസിയാബാദ്: സൂപ്പർവൈസറും സംഘവും കൂട്ടബലാത്സംഗത്തിനിരയാക്കിയ യുവതി മരിച്ചു. യു.പി ഗാസിയാബാദിലെ ഹൗസിങ് സൊസൈറ്റിയില്‍ സുരക്ഷാ ജീവനക്കാരിയായി ജോലി ചെയ്തിരുന്ന 19കാരിയാണ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി മരണത്തിന് കീഴടങ്ങിയത്.
ഞായറാഴ്ചയാണ് ഹൗസിങ് സൊസൈറ്റിയിലെ ബേസ്‌മെന്റില്‍ വച്ച് യുവതി ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ ഹൗസിങ് സൊസൈറ്റിയിലെ സെക്യൂരിറ്റി സൂപ്പര്‍വൈസറായ അജയ് (32) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളും മറ്റ് രണ്ട് സുരക്ഷാ ജീവനക്കാരും ചേർന്നാണ് യുവതിയെ മർദനത്തിനും കൂട്ടബലാത്സംഗത്തിനും ഇരയാക്കിയത്.
തുടർന്ന് അവസ്ഥ ഗുരുതരമാണെന്ന് മനസിലായ പ്രതികൾ മൂവരും ചേർന്ന് അവളെ ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ഇവിടെ നിന്ന് മുങ്ങുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി തിങ്കളാഴ്ച രാത്രി മരിക്കുകയായിരുന്നു. ജാർഖണ്ഡ് സ്വദേശിനിയായ യുവതി അമ്മായിക്കൊപ്പമാണ് ഗാസിയാബാദിലെ ഹൗസിങ് സൊസൈറ്റിയിൽ താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
യുവതിയെ സൂപ്പർവൈസറും മറ്റ് രണ്ട് ഗാർഡുകളും ചേർന്ന് മർദിച്ചതായി വീട്ടുകാർ ആരോപിച്ചു. പിന്നീട് പ്രതിഷേധിക്കാൻ ശ്രമിച്ച യുവതിയെ മൂന്ന് പേരും ചേർന്ന് ബലാത്സംഗം ചെയ്തു. മറ്റ് സഹപ്രവർത്തകർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതായും കുടുംബം ആരോപിച്ചു. കേസിൽ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഏതാനും മാസങ്ങളായി ഗാസിയബാദിലെ ഹൗസിങ് സൊസൈറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരിയായി ജോലി ചെയ്തുവരികയായിരുന്നു യുവതി. യുവതിയുടെ മരണത്തില്‍ വ്യക്തത ലഭിക്കാനായി ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് പറയുന്നു.