യുപിയിൽ യുവതിയുടെ ഹിജാബ് ബലമായി അഴിച്ചുമാറ്റി, കൂടെയുണ്ടായിരുന്നയാൾക്ക് നേരെ ആക്രമണം; ആറുപേർ അറസ്റ്റിൽ
'ആക്രമണത്തിന്റെ വീഡിയോ പകർത്തുകയും സംഭവം വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു'


ലഖ്നൗ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ യുവതിയുടെ ഹിജാബ് ബലമായി അഴിച്ചുമാറ്റുകയും കൂടെയുണ്ടായിരുന്ന പുരുഷനെ ആക്രമിക്കുകയും ചെയ്ത ആറുപേർ അറസ്റ്റിൽ. ഖലാപർ നിവാസിയായ ഫർഹീനും സച്ചിനും നേരെയാണ് ആക്രമണമുണ്ടായത്.
‘ഒരു സംഘം എന്നെ അധിക്ഷേപിക്കാൻ തുടങ്ങി. എന്നെയും കൂടെയുണ്ടായിരുന്ന ആളെയും ശാരീരികമായി ആക്രമിച്ചു. ഞാൻ സ്വയം രക്ഷിക്കാൻ പാടുപെടുന്നതിനിടയിൽ പ്രതികളിലൊരാൾ എന്റെ ബുർഖയും വസ്ത്രങ്ങളും വലിച്ചുകീറി. ആക്രമണത്തിന്റെ വീഡിയോ പകർത്തുകയും സംഭവം വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു’ -ഫർഹീൻ പറഞ്ഞു. വഴിയിലുണ്ടായിരുന്ന ഒരാൾ ഇത് മൊബൈൽ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഫർഹീനെയും സച്ചിനെയും സുരക്ഷിതമായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഫർഹീന്റെ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ 115(2), 352, 191(2), 74 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കേസിൽ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വീഡിയോയിൽനിന്ന് കൂടുതൽ ആളുകളെ തിരിച്ചറിഞ്ഞാൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും മുസാഫർനഗർ സിറ്റി ഡിഎസ്പി രാജു കുമാർ പറഞ്ഞു.
'ഏപ്രിൽ 12ന് വൈകുന്നേരം നാല് മണിക്കായിരുന്നു സംഭവം. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് ജീവനക്കാരനും ഖലാപ്പറിൽ നിന്നുള്ള മുസ്‌ലിം യുവതിയും വായ്പാ ഗഡു വാങ്ങിയ ശേഷം മോട്ടോർ സൈക്കിളിൽ മടങ്ങുകയായിരുന്നു. തുടർന്ന് എട്ട്-പത്ത് പേരടങ്ങിയ ഒരു സംഘം അവരെ അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതുവരെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്'- രാജു കുമാർ പറഞ്ഞു