വിവിഐപി ബംഗ്ലാവുകൾക്കായി മരങ്ങൾ മുറിക്കാൻ നീക്കം; ഭോപ്പാലിൽ പ്രതിഷേധം ശക്തം

മരങ്ങൾ മുറിക്കാനുള്ള ചർച്ചകൾ നടന്നുവരവേയാണ് നീക്കം മുന്നിൽക്കണ്ട് ജനങ്ങൾ കൈകോർത്തത്

Update: 2024-06-15 12:26 GMT
Advertising

ഭോപ്പാൽ: വിവിഐപി ബംഗ്ലാവുകൾ പണിയുന്നതിന് മരങ്ങൾ മുറിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ മധ്യപ്രദേശിലെ ഭോപ്പാൽ നിവാസികൾ. തുൾസി നഗർ, ശിവജി നഗർ എന്നിവിടങ്ങളിലെ 27000ത്തോളം മരങ്ങൾ മുറിക്കുന്നതിനെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം. മരങ്ങൾ മുറിക്കാനുള്ള ചർച്ചകൾ നടന്നുവരവേയാണ് നീക്കം മുന്നിൽക്കണ്ട് ജനങ്ങൾ കൈകോർത്തത്.

ഭോപ്പാലിൽ മരങ്ങൾ തിങ്ങിനിൽക്കുന്ന ചുരുക്കം പ്രദേശങ്ങളിലുൾപ്പെടുന്നവയാണ് തുൾസി നഗറും ശിവജി നഗറും. ഇ വിടെ എംഎൽഎമാർക്കും മറ്റ് ബ്യൂറോക്രാറ്റുകൾക്കുമായി ബംഗ്ലാവുകൾ പണിയിന്നതിന് മധ്യപ്രദേശ് ഹൗസിംഗ് ബോർഡ് പദ്ധതിയിട്ടതായാണ് പ്രദേശവാസികൾ പറയുന്നത്. തുടർന്ന് പദ്ധതിക്ക് അനുമതിയാകുന്നതിന് മുമ്പ് തന്നെ വിദ്യാർഥികളും ജനപ്രതിനിധികളുമടക്കം മരങ്ങൾ മുറിക്കുന്നതിനെതിരായി നിരത്തിലിറങ്ങുകയായിരുന്നു. മരങ്ങളിൽ മാലയിട്ട് പൂജനടത്തിയും ശിഖരങ്ങളിൽ കയറിയിരുന്നമാണ് ജനങ്ങൾ പ്രതിഷേധിച്ചത്. കഴിഞ്ഞ പത്ത് ദിവസമായി നടന്നുവരുന്ന പ്രതിഷേധത്തിന് ഓരോ ദിവസവും ജനപങ്കാളിത്തവും കൂടി വരുന്നുണ്ട്.

എന്നാൽ സമീപകാലത്തൊന്നും മരങ്ങൾക്ക് ഒരു കേടുപാടുമുണ്ടാവില്ലെന്നാണ് മധ്യപ്രദേശ് ഹൗസിംഗ് ബോർഡ് ആൻ അർബൻ ഡെവലപ്‌മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി നീരജ് മണ്ഡ്‌ലോയ് പറയുന്നത്. തങ്ങൾ ഒരു നിർദേശം മുന്നോട്ട് വയ്ക്കുക മാത്രമാണ് ചെയ്തതെന്നും ഇതുവരെ ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

നൂറ്റാണ്ടോളം പഴക്കമുള്ള വൻമരങ്ങളാണ് ഹൗസിംഗ് ബോർഡ് ബംഗ്ലാവുകൾക്കായി കണ്ടുവച്ചിരിക്കുന്ന സ്ഥലങ്ങളിലുള്ളത്. പദ്ധതിയെക്കുറിച്ച് പ്രതിഷേധക്കാർ ഹൗസിംഗ് ബോർഡ് കമ്മിഷണർ ചന്ദ്രമൗലി ശുക്ലയെയും മന്ത്രി കൈലാഷ് വിജയ്‌വർഗിയയെയും ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ പദ്ധതി നടപ്പാക്കുകയാണെങ്കിൽ വെട്ടിയ മരങ്ങൾക്ക് പകരം ഉടൻ തന്നെ പുതിയ തൈകൾ നട്ടുപിടിപ്പിക്കുമെന്നായിരുന്നു ഇരുവരുടെയും മറുപടിയെന്ന് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന പരിസ്ഥിതി പ്രവർത്തകൻ ഡോ.സുഭാഷ് പാണ്ഡെ പറയുന്നു.

നേരത്തെ മെട്രോ ട്രെയിൻ പ്രോജക്ടിലും സ്മാർട്ട് സിറ്റി പദ്ധതിയിലുമൊക്കെ ഇതേ വാഗ്ദാനം നൽകിയിരുന്നെങ്കിലും ഒരു തൈ പോലും ഇതുവരെ നട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരങ്ങൾ സംരക്ഷിക്കുന്നതിനായി ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കുന്നതിനും മടിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News