ഗ്യാൻവാപി മസ്ജിദിലെ തെക്കേ അറയിൽ പൂജ തുടങ്ങി
ബുധനാഴ്ചയാണ് ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വരാണസി ജില്ലാ കോടതി അനുമതി നൽകിയത്.
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിലെ തെക്കേ അറയിൽ പൂജ തുടങ്ങി. വരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെ തുടർന്നാണ് പൂജ ആരംഭിച്ചത്. കാശി വിശ്വനാഥ് ട്രസ്റ്റ് ശിപാർശ ചെയ്ത പൂജാരിയാണ് പൂജ നടത്തുന്നത്. വരും ദിവസങ്ങളിലും പൂജ നടക്കുമെന്ന് വ്യാസ് കുടുംബാംഗങ്ങൾ അറിയിച്ചു.
ബുധനാഴ്ചയാണ് ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വരാണസി ജില്ലാ കോടതി അനുമതി നൽകിയത്. കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം തന്നെ പ്രദേശവാസികൾ മസ്ജിദ് കോംപ്ലക്‌സിനകത്തെ നിലവറയിൽ പൂജ തുടങ്ങിയിരുന്നു. ഇന്ന് രാവിലെ മംഗള ആരതിയും നടത്തിയിരുന്നു.
അതിനിടെ പൂജക്ക് അനുമതി നൽകിയ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ആദ്യം ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. നിയമപോരാട്ടം തുടരുമെന്നും നീതി വേണമെന്നും മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് യാസീൻ മീഡവണിനോട് പറഞ്ഞു.