ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ല; പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍
ആരാധനാലയങ്ങളും ചരിത്ര സ്മാരകങ്ങളും കേന്ദ്രീകരിച്ചാകും താരങ്ങളുടെ വരുംദിവസങ്ങളിലെ സമരം
ഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ താരങ്ങൾ സർക്കാരിന് നൽകിയ സമയം ഇന്ന് അവസാനിക്കും. ഇതുവരെ നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ സമരം കടുപ്പിക്കാനാണ് താരങ്ങളുടെ തീരുമാനം. ആരാധനാലയങ്ങളും ചരിത്ര സ്മാരകങ്ങളും കേന്ദ്രീകരിച്ചാകും താരങ്ങളുടെ വരുംദിവസങ്ങളിലെ സമരം.
സമരം കൂടുതൽ മാധ്യമ ശ്രദ്ധ നേടുന്ന തരത്തിലേക്ക് മാറ്റാനാണ് താരങ്ങളുടെ ശ്രമം. ഇതിന്‍റെ ഭാഗമായാണ് പ്ലക്കാർഡുകളുമായി ഇന്നലെ ഐ.പി.എൽ മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് ഗുസ്തി താരങ്ങൾ എത്തിയത്. അന്ത്യശാസനം നൽകിക്കൊണ്ട് ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ താരങ്ങൾ ആവശ്യപ്പെട്ട സമയം ഇന്ന് അവസാനിക്കുകയാണ്. ഖാപ് പഞ്ചായത്ത് ചേർന്ന് ഭാവി സമരമുറ തീരുമാനിക്കാനാണ് ഗുസ്തി താരങ്ങളുടെ നീക്കം.
ഡൽഹിയുടെ അതിർത്തി വളയുന്നത് ഉൾപ്പെടെയുള്ള നീക്കങ്ങൾ സമര സമിതി ആലോചിക്കുന്നുണ്ട്. ജന്തർ മന്ദറിന് പുറത്തേക്ക് സമരം വ്യാപിപ്പിക്കും എന്നാണ് താരങ്ങളുടെ പ്രഖ്യാപനം. ആരാധനാലയങ്ങൾക്ക് മുന്നിലേക്കും രാജ്ഘട്ടിലേക്കും ആകും ഗുസ്തി താരങ്ങൾ പ്രതിഷേധം വ്യാപിപ്പിക്കുക. ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് ഇന്ത്യാ ഗേറ്റിനു മുൻപിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുമെന്നും താരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹരിയാനയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കായിക താരങ്ങളുടെ സമരത്തിന് കർഷക പിന്തുണ വർധിക്കുന്നത് ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഹരിയാന കായിക മന്ത്രിക്ക് എതിരെയും കായിക താരങ്ങൾ ലൈംഗിക പീഡന പരാതി ഉന്നയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലത്തെ പോലും ഗുസ്തി താരങ്ങളുടെ സമരം സ്വാധീനിച്ചേക്കാം എന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. എന്നാൽ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്താൽ ഉത്തർപ്രദേശിൽ അത് ബി.ജെ.പിക്ക് രാഷ്ട്രീയ തിരിച്ചടി കൂടിയാകും.