ബ്രിജ് ഭൂഷണെതിരായ ലൈംഗിക പീഡന പരാതി; അന്വേഷണം ഊർജിതമാക്കി ഡൽഹി പൊലീസ്
ഈ മാസം 21ന് മുൻപായി ബ്രിജുഭൂഷണെതിരെ നടപടി സ്വീകരിക്കണമെന്നാണ് താരങ്ങളുടെ ആവശ്യം
ഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ് എതിരായ താരങ്ങളുടെ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം ഊർജിതമാക്കി ഡൽഹി പൊലീസ്. വനിത ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പരാതി അന്വേഷിക്കുന്നത്. ഈ മാസം 21ന് മുൻപായി ബ്രിജുഭൂഷണെതിരെ നടപടി സ്വീകരിക്കണമെന്നാണ് താരങ്ങളുടെ ആവശ്യം.
കോടതി 27ന് ആണ് കേസ് പരിഗണിക്കുക. ഗുസ്തിതാരങ്ങൾ നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ബ്രിജുഭൂഷണെ ചോദ്യം ചെയ്യാൻ ആണ് അന്വേഷണ സംഘത്തിന്‍റെ നീക്കം . പോക്സോ കേസ് ഉൾപ്പടെ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഗുസ്തി ഫെഡറേഷന്‍റെ ഡൽഹിയിലെ ഓഫീസിൽ ഉൾപ്പടെ അന്വേഷണ സംഘം പരിശോധന നടത്തും. ഡൽഹി ജന്തർ മന്ദറിൽ ഗുസ്തി താരങ്ങളുടെ സമരം പുരോഗമിക്കുകയാണ്.
ഇന്നലെ ഡല്‍ഹി പൊലീസ് ബ്രിജ് ഭൂഷണില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഇത് രണ്ടാം തവണയാണ് ബ്രിജ്ഭൂഷണിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. പ്രത്യേക അന്വേഷണ സംഘം ബ്രിജ്ഭൂഷണിൽ നിന്നും ചില രേഖകൾ ആവശ്യപ്പെട്ടതായും സൂചന ഉണ്ട്. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ ബ്രിജ്ഭൂഷണ് നിഷേധിച്ചു. ബ്രിജ്ഭൂഷണെതിരെ മെയ് 21ന്മുൻപ് നടപടി വേണമെന്ന് താരങ്ങൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ ആണ് പൊലീസ് നീക്കം.
ബ്രിജ്ഭൂഷണ് പുറമെ ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമറിന്‍റെ മൊഴിയും പോലീസ് രേഖപ്പെടുത്തി. അന്വേഷണത്തിൽ ആക്ഷേപം ഉണ്ടെങ്കിൽ കീഴ്ക്കോടതിയെ സമീപിക്കാൻ സുപ്രിം കോടതിയാണ് താരങ്ങളോട് നിർദേശിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ താരങ്ങൾ നൽകിയ ഹരജിയാണ് ഈ മാസം 27ന് പരിഗണിക്കാമെന്ന് ഡൽഹി റോസ് അവന്യൂ കോടതി അറിയിച്ചത്.