'മത്സരിക്കാനില്ല, പിതാവിന് വേണ്ടി വോട്ട് തേടുകയാണ് ദൗത്യം'; യതീന്ദ്ര സിദ്ധരാമയ്യ
പിതാവ് സിദ്ധരാമയ്യക്ക് മണ്ഡലത്തിലെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് വീടുകൾ കയറിയിറങ്ങി യതീന്ദ്ര വോട്ട് തേടുന്നത്
ബംഗളൂരു: ഇത്തവണ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ. പിതാവിന് വേണ്ടി വോട്ട് തേടുകയാണ് തന്റെ പ്രഥമ ദൗത്യം എന്നും നിലവിൽ വരുണയിലെ എംഎൽഎ കൂടിയായ യതീന്ദ്ര പറഞ്ഞു. കർണാടകയിലെ വരുണയിൽ മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരിക്കാൻ ഇല്ലെങ്കിലും സ്ഥാനാർത്ഥിയെപോലെ വരുണയിലിറങ്ങി വോട്ട് തേടുകയാണ് യതീന്ദ്ര. തിരക്കുപിടിച്ച രാഷ്ട്രീയ ചർച്ചകൾക്കിടയിൽ പിതാവ് സിദ്ധരാമയ്യക്ക് മണ്ഡലത്തിലെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് വീടുകൾ കയറിയിറങ്ങി യതീന്ദ്ര വോട്ട് തേടുന്നത്. മികച്ച ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിൽ എത്തുക എന്നതാണ് ആദ്യ ലക്ഷ്യം, പാർട്ടി അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ജനാധിപത്യപരമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം മറുപടി നൽകി.
ബി.ജെ.പിയുടെ അഴിമതി ഭരണം ജനം വിലയിരുത്തുമെന്നും കോൺഗ്രസ് തിരികെ ഭരണത്തിൽ എത്തുമെന്നും അച്ഛന് വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ യതീന്ദ്ര പറയുന്നു.