'ദാദയ്ക്കല്ല, ഭായിക്ക് എന്നു പറഞ്ഞ് വോട്ട് പിടിച്ചു'; യൂസുഫ് പത്താനെതിരെ അധീർ രഞ്ജൻ ചൗധരി
താൻ ബംഗാൾ കോൺഗ്രസിന്റെ തലപ്പത്ത് ഉണ്ടാകുന്ന കാലത്തോളം മമത പാർട്ടിയുമായി സഖ്യത്തിനു വരില്ലെന്നും അതിനാൽ പുതിയൊരാളെ സ്ഥാനത്ത് നിർത്തി അവരോട് നേരിട്ട് സംസാരിക്കണമെന്നും താൻ ആവശ്യപ്പെട്ടതായും അധീർ പറഞ്ഞു
കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ വിശ്വസ്ത തട്ടകം നഷ്ടപ്പെട്ടതിനു പിന്നാലെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. തൃണമൂൽ കോൺഗ്രസ് പുറത്തുനിന്ന് ഇറക്കിയ സ്ഥാനാർഥി മണ്ഡലത്തിൽ മുസ്‍ലിം കാർഡ് ഇറക്കിയാണു പ്രചാരണം നടത്തിയതെന്ന് യൂസുഫ് പത്താനെ സൂചിപ്പിച്ച് അദ്ദേഹം ആരോപിച്ചു. 'ദാദ'യ്ക്കു പകരം 'ഭായി'ക്ക് വോട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടതെന്നായിരുന്നു ആരോപണം. തൃണമൂൽ സഖ്യത്തെ താൻ എതിർത്തിരുന്നില്ലെന്നും പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാമെന്നു സന്നദ്ധത അറിയിച്ചിരുന്നുവെന്നും അധീർ വെളിപ്പെടുത്തി.
ബംഗാളിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കൂടിയായ അധീർ രഞ്ജൻ ചൗധരി 'ഇന്ത്യൻ എക്‌സ്പ്രസി'നോട് സംസാരിച്ചത്. തോൽവി തോൽവി തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. എന്റെ പരമാവധി ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ, വിജയിക്കാനായില്ല. അഞ്ചുതവണ ഞാൻ വിജയിച്ച മണ്ഡലമാണിത്. ഇത്തവണ ബി.ജെ.പി കൂടുതൽ സീറ്റ് നേടിയിട്ടുണ്ടെന്നാണ് അറിയാനായതെന്നും അദ്ദേഹം പറഞ്ഞു.
''ബംഗാളിലെ ഭരണകക്ഷി(തൃണമൂൽ കോൺഗ്രസ്) വിചിത്രകരമായ പ്രചാരണമാണു നടത്തിയത്. പുറത്തുനിന്ന് ആളെ ഇറക്കി. അതിനോട് എനിക്ക് എതിർപ്പൊന്നുമില്ല. എന്നാൽ, ഇവിടെ വന്ന് 'ദാദ'യ്ക്ക് അല്ല, 'ഭായി'ക്ക് വോട്ട് ചെയ്യൂ എന്നാണ് അദ്ദേഹം ന്യൂനപക്ഷങ്ങളോട് ആവശ്യപ്പെട്ടത്. ദാദ എന്നു പറഞ്ഞാൽ ഹിന്ദുവാണ്. ഭായ് മുസ്‌ലിമും.
എനിക്ക് ആരോടും പരാതിയില്ല. യൂസുഫ് പത്താൻ നല്ല മനുഷ്യനാണ്. എനിക്കെതിരെ ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല അദ്ദേഹം. കായികതാരമാണ് അദ്ദേഹം. കായികതാരത്തെ പോലെയാണ് ഇവിടെ പോരാടിയതും. ഞാനും ശ്രമിച്ചിട്ടുണ്ട്.
എന്നാൽ, ഞങ്ങളുടെ പോരാട്ടം ഭരണകക്ഷിക്കെതിരെയാണ്. അവർക്കു സംഘടനാ സംവിധാനമുണ്ട്. എല്ലാ പഞ്ചായത്തുകിലും നഗരസഭകളിലും നിയന്ത്രണമുണ്ട്. ജനങ്ങൾക്കു ക്ഷേമപദ്ധതികളുടെ ഗുണങ്ങൾ പതുക്കെ കിട്ടിത്തുടങ്ങിയിട്ടുണ്ട്. എന്റേത് വളരെ ദരിദ്രമായ ജില്ലയാണ്. കുടിയേറ്റ തൊഴിലാളികളുടെ കേന്ദ്രം കൂടിയാണത്. പാവപ്പെട്ടവന് ആയിരമോ ആയിരത്തി ഇരുനൂറോ ഒക്കെ ലഭിച്ചാൽ അതവർക്കു വലിയ ആശ്വാസമാകും; പ്രത്യേകിച്ചും സ്ത്രീകൾക്ക്. തൃണമൂൽ തോറ്റാൽ സ്ത്രീകൾക്കായുള്ള ലക്ഷ്മി ഭണ്ഡാർ പദ്ധതി നിർത്തിവയ്ക്കുമെന്ന് അവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. അത് ആളുകൾക്കിടയിൽ ഭീതിയുണ്ടാക്കി. ഇതൊക്കെ തോൽവിയിൽനിന്നു രക്ഷപ്പെടാൻ പറയുകയല്ല. പരാജയത്തെ നിരുപാധികം ഉൾക്കൊള്ളുകയാണ്.''
ബംഗാളിൽ തൃണമൂലുമായുള്ള സഖ്യത്തെ എതിർത്തത് താനാണെന്ന വിമർശനങ്ങളും അധീർ തള്ളി. പാർട്ടി ആരുമായി സഖ്യമുണ്ടാക്കിയാലും എനിക്കു പ്രശ്‌നമില്ലെന്നാണു ഞാൻ പറഞ്ഞത്. എന്നാൽ, ഞാൻ ബംഗാൾ കോൺഗ്രസിന്റെ തലപ്പത്ത് ഉണ്ടാകുന്ന കാലത്തോളം അവർ(മമത ബാനർജി) പാർട്ടിയുമായി സഖ്യത്തിനു വരില്ലെന്നു ഞാൻ പറഞ്ഞിരുന്നു. അതുകൊണ്ട് പുതിയൊരാളെ ബംഗാൾ കോൺഗ്രസ് സ്ഥാനത്ത് പുതിയൊരാളെ നിർത്തി അവരോട് നേരിട്ട് സംസാരിക്കണമെന്നും തനിക്കൊരു പ്രശ്‌നവുമില്ലെന്നും വ്യക്തമാക്കി.
ബംഗാളിലെ എല്ലാ കോൺഗ്രസ് നേതാക്കളും ഡൽഹിയിൽ എ.ഐ.സി.സി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തിരുന്നു. ഒന്നോ രണ്ടോ പേരൊഴിച്ച് ബാക്കിയെല്ലാവരും തൃണമൂലുമായുള്ള സഖ്യം ശരിയാകില്ലെന്നാണ് അന്നു വ്യക്തമാക്കിയത്. ഞാൻ മാത്രമായിരുന്നില്ല. ഇപ്പോൾ പഴി എന്റെ മേലിടുകയാണ്.
തോൽവി കൊണ്ട് നിർത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞാൻ രാഷ്ട്രീയക്കാരനാണ്. അഴിമതിയിലോ വിവാദങ്ങളിലോ ഒന്നിലും ഭാഗമായിട്ടില്ല. അതുകൊണ്ടുതന്നെ എന്റെ കൈയിൽ പണമില്ല. ഞാനൊരു ഫൈവ്സ്റ്റാർ രാഷ്ട്രീയക്കാരനല്ല; ലോ സ്റ്റാറാണ്. ഇതെല്ലാമാണെങ്കിലും താൻ മുന്നോട്ടുപോകുമെന്നും ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം തുടരുമെന്നും അധീർ രഞ്ജൻ ചൗധരി കൂട്ടിച്ചേർത്തു.
1999 മുതൽ അധീർ വൻ ഭൂരിപക്ഷത്തിനു ജയിച്ചുവരുന്ന മണ്ഡലമാണ് ബഹറാംപൂർ. 2014ൽ ലഭിച്ച 3.56 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം 2019ൽ 80,696 ആയി കുത്തനെ ഇടിഞ്ഞു. തൃണമൂലിന്റെ അപൂർവ സർക്കാരാണു കടുത്ത മത്സരം കാഴ്ചവച്ചത്. ഇത്തവണ യൂസുഫ് പത്താനെ ഇറക്കിയായിരുന്നു മമതയുടെ തന്ത്രപരമായ നീക്കം. പത്താൻ 85,022 വോട്ടിന്റെ ഭൂരിപക്ഷത്തിനു കോൺഗ്രസിന്റെ കരുത്തനായ നേതാവിനെ തറപറ്റിക്കുകയും ചെയ്തു.
Summary: Yusuf Pathan came here and started telling minorities to vote for ‘bhai’ and not ‘dada’: Alleges Congress West Bengal unit president and five time Baharampur MP Adhir Ranjan Chowdhury