2,000ത്തിന്റെ മുട്ടൻ പണി; ഉപഭോക്താക്കളുടെ 'സൂത്രത്തില്‍' പൊല്ലാപ്പിലായി സൊമാറ്റോ

മെയ് 19നാണ് രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ വിനിമയം നിർത്തുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്

Update: 2023-05-23 06:15 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: 2,000 രൂപാ നോട്ട് പിൻവലിച്ചതിനു പിന്നാലെ കൗതുകമുണർത്തുന്ന വെളിപ്പെടുത്തലുമായി ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. ആർ.ബി.ഐ പ്രഖ്യാപനം വന്നതിനു പിന്നാലെ ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്തരിൽ നേരിട്ട് പണം നൽകിയവരിൽ ഭൂരിഭാഗവും നൽകിയത് 2,000 രൂപാ നോട്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.

ട്വിറ്ററിലാണ് സൊമാറ്റോ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ 'കാഷ് ഓൺ ഡെലിവറി' മോഡിലുള്ള 72 ശതമാനം ഓർഡറുകളിലും 2,000 നോട്ട് നൽകിയാണ് ബിൽ അടച്ചതെന്ന് സൊമാറ്റോ ട്വീറ്റ് ചെയ്തു. ഇംഗ്ലീഷ് വെബ്‌സീരീസായ 'ബ്രേക്കിങ് ബാഡി'ലെ കഥാപാത്രം ഹ്യൂൽ ബാബിനോയുടെ ചിത്രം ചേർത്താണ് ട്വീറ്റ്. സോമാറ്റോ ടി ഷർട്ട് ധരിച്ച് 2,000 നോട്ടുകെട്ടുകൾക്കുമേൽ ബാബിനോ കിടക്കുന്നതാണ് ചിത്രം.

സൊമാറ്റോ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. മില്യൻ കളണക്കിനു ആളുകളാണ് ഇതിനകം തന്നെ ട്വീറ്റ് കണ്ടത്. പതിനായിരത്തിലേറെ പേർ ലൈക്ക് ചെയ്യുകയും നിരവധി പേർ റീട്വീറ്റ് ചെയ്യുകയും ചെയ്തു.

മെയ് 19നാണ് രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ വിനിമയം നിർത്തുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് റിസർവ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്നുമുതൽ ബാങ്കുകളിൽ 2,000 നോട്ട് മാറ്റിയെടുക്കാം.

നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്റ്റംബർ 30 വരെ ഉപയോഗിക്കാമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചത്. നോട്ട് മാറാൻ എത്തുന്നവർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നോട്ട് മാറാൻ നാലു മാസം സമയം ലഭിക്കുന്നതിനാൽ നേരിട്ട് ജനങ്ങളെ തീരുമാനം വലിയ തോതിൽ ബുദ്ധിമുട്ടിക്കില്ലെന്നാണ് കരുതുന്നത്. എങ്കിലും സാമ്പത്തിക ഇടപാടുകൾ കറൻസി വഴി നടത്തുന്ന ചെറുകിട വ്യവസായ, കാർഷിക മേഖലകളെ നോട്ട് പിൻവലിക്കാനുള്ള തീരുമാനം സമീപഭാവിയിൽ ബാധിച്ചേക്കാം.

2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാൽ 2,000 നോട്ടിൻറെ അച്ചടി 2018-2019 കാലയളവിൽ നിർത്തിയിരുന്നു. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നാണ് ഇപ്പോൾ ആർ.ബി.ഐ നൽകുന്ന വിശദീകരണം.

Summary: Zomato reveals 72% cash on delivery orders paid in Rs 2,000 notes after RBI’s withdrawal announcement

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News