ജഡേജയെ അൺഫോളോ ചെയ്ത് ചെന്നൈ; അഭിപ്രായ ഭിന്നത പുറത്തേക്ക്
ടീം സിഇഒ കാശി വിശ്വനാഥൻ അഭിപ്രായ ഭിന്നതകൾ സംബന്ധിച്ച റിപ്പോർട്ടുകൾ തള്ളി
മുംബൈ: പത്തു വർഷം ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന മുൻ നായകൻ രവീന്ദ്ര ജഡേജയുമായുള്ള ബന്ധം ചെന്നൈ സൂപ്പർ കിങ്‌സ് അവസാനിപ്പിക്കുന്നുവെന്ന് സൂചന. പരിക്കിനെ തുടർന്ന് ഈ സീസൺ നഷ്ടമാകുന്ന താരത്തിന്റെ ഇൻസ്റ്റഗ്രാം ഹാൻഡ്ൽ ടീം അൺഫോളോ ചെയ്തു.
ടീമിനുള്ളിലെ കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് തെളിയിക്കുന്നതാണ് സിഎസ്‌കെയുടെ അൺ ഫോളോവിങ്. എന്നാൽ ടീം സിഇഒ കാശി വിശ്വനാഥൻ അഭിപ്രായ ഭിന്നതകൾ സംബന്ധിച്ച റിപ്പോർട്ടുകൾ തള്ളി. മെഡിക്കൽ സംഘത്തിന്റെ നിർദേശത്തെ തുടർന്നാണ് ജഡേജ മാറി നിൽക്കുന്നതെന്നും ടീമിന്റെ ഭാവി പദ്ധതികളുടെ ഭാഗമാണ് അദ്ദേഹമെന്നും വിശ്വനാഥൻ വ്യക്തമാക്കി.
'സമൂഹമാധ്യമങ്ങളെ ഞാൻ പിന്തുടരുന്നില്ല. അവിടെ എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് എനിക്കറിയില്ല. മാനേജ്‌മെന്റ് ഭാഗത്തു നിന്നുള്ള കാര്യങ്ങൾ പറയാം. സോഷ്യൽ മീഡിയയിൽ ഉള്ളതു പോലുള്ള പ്രശ്‌നങ്ങൾ ടീമിലില്ല. സിഎസ്‌കെയുടെ ഭാവി പദ്ധതികളിൽ ജഡേജയുണ്ട്. ആർസിബിക്കെതിരായ മത്സരത്തിലാണ് ജഡ്ഡുവിന് പരിക്കേറ്റത്. ഡൽഹി ക്യാപിറ്റൽസിനെതിരെ അദ്ദേഹം കളിച്ചിരുന്നില്ല. മെഡിക്കൽ സംഘത്തിന്റെ ഉപദേശപ്രകാരം ഈ സീസണിൽ അദ്ദേഹം കളിക്കില്ല. നാട്ടിലേക്ക് തിരിച്ചുപോകുകയാണ്' - വിശ്വനാഥൻ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
16 കോടി രൂപ മുടക്കിയാണ് ജഡേജയെ സിഎസ്‌കെ ടീമിൽ നിലനിർത്തിയിരുന്നത്. ധോണിയേക്കാൾ കൂടുതൽ തുകയാണ് താരത്തിനായി മാനേജ്‌മെന്റ് മുടക്കിയത്. ടൂർണമെന്റ് ആരംഭിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ക്യാപറ്റൻ സ്ഥാനം ധോണി ജഡേജയ്ക്ക് കൈമാറുകയും ചെയ്തു. എന്നാൽ നായകനെന്ന നിലയിൽ ഓൾറൗണ്ടർക്ക് തിളങ്ങാനായില്ല. ഇതോടെ നായകസ്ഥാനം തിരികെ ധോണിയെ തന്നെ ഏൽപ്പിക്കുകയായിരുന്നു.
സ്വന്തം കളിയിൽ കൂടുതൽ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായാണ് ജഡേജ നായകസ്ഥാനം ഒഴിഞ്ഞതെന്ന് സിഎസ്‌കെ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ച് ധോണി മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ;
'ഈ വർഷം നായകനാകുമെന്ന് കഴിഞ്ഞ സീസൺ തന്നെ ജഡേജയ്ക്ക് അറിയാമായിരുന്നു. ആദ്യ രണ്ടു കളിയിൽ ഞാൻ അവനെ സഹായിച്ചിരുന്നു. പിന്നീട് ഉത്തരവാദിത്വം സ്വന്തം ഏറ്റെടുത്ത് തീരുമാനങ്ങളെടുക്കാൻ ഞാൻ അവനോട് ആവശ്യപ്പെട്ടു. ഒരിക്കൽ നിങ്ങൾ ക്യാപ്റ്റനായാൽ ഒരുപാട് ഡിമാൻഡുകൾ വരും. അത് അദ്ദേഹത്തിന്റെ മാനസിക നിലയെ ബാധിച്ചിട്ടുണ്ടാകും. അദ്ദേഹത്തിന്റെ പ്രകടനത്തെയും ഒരുക്കത്തെയും അതു ബാധിച്ചു എന്നാണ് തോന്നുന്നത്' - ധോണി കൂട്ടിച്ചേർത്തു.
ജഡേജയിൽനിന്ന് നായകപദവി ഏറ്റെടുത്ത ശേഷമുള്ള മൂന്നു കളിയിൽ രണ്ടിലും ചെന്നൈ ജയിച്ചു. വ്യാഴാഴ്ച മുംബൈ ഇന്ത്യൻസിനെതിരെയാണ് സിഎസ്‌കെയുടെ അടുത്ത മത്സരം. 11 കളിയിൽ നിന്ന് നാലു ജയവും ഏഴു തോൽവിയുമായി പോയിന്റ് പട്ടികയിൽ ഒമ്പതാമതാണ് ചെന്നൈ.