11 സാമ്പിൾകൂടി നെഗറ്റീവ്, പുതിയ പോസിറ്റീവ് കേസുകളില്ല; കോഴിക്കോട്ട് നിപ ആശങ്ക ഒഴിയുന്നു
വെന്റിലേറ്ററിൽ കഴിയുന്ന കുട്ടി ഉൾപ്പെടെ വൈറസ്ബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു
കോഴിക്കോട്: നിപ ആശങ്ക ഒഴിയുന്നു. ഇന്ന് പരിശോധനാഫലം ലഭിച്ച 11 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്നു സ്ഥിരീകരിച്ചു. ഹൈറിസ്‌ക് വിഭാഗത്തിൽപെട്ടവരാണ് എല്ലാവരും. ഇതോടെ ആകെ നെഗറ്റീവായ സാമ്പിളുകൾ 94 ആയി. കോഴിക്കോട് കലക്ടറേറ്റിൽ ചേർന്ന മന്ത്രിതല അവലോകന യോഗത്തിനുശേഷം ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്.
വൈറസ്ബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഇൻഡക്‌സ് കേസിൽ വിശദമായ അന്വേഷണം നടത്തും. അദ്ദേഹത്തിനു രോഗം പിടിപെട്ടത് കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഇതിനായി പൊലീസ് സഹായം തേടിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
നിപ ബാധിച് മരിച്ച മരുതോങ്കര സ്വദേശിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിക്കും. രോഗലക്ഷണങ്ങൾക്കുമുൻപ് ഇദ്ദേഹം പോയ സ്ഥലങ്ങൾ കണ്ടെത്തി പരിശോധന നടത്തും. മോണോക്ലോണൽ ആന്റി ബോഡി ഇപ്പോൾ നൽകേണ്ട ആവശ്യമില്ലെന്നാണ് വിലയിരുത്തലെന്നും മന്ത്രി അറിയിച്ചു.
മന്ത്രി പി.എ മുഹമ്മദ് റിയാസും അവലോകന യോഗത്തിൽ പങ്കെടുത്തു. അതേസമയം, ബേപ്പൂര്‍ ഹാര്‍ബറില്‍ ബോട്ടുകള്‍ അടുപ്പിക്കാനും മത്സ്യം ഇറക്കാനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യബന്ധനത്തിനു പോയ ബോട്ടുകളും വള്ളങ്ങളും വെള്ളയില്‍, പുതിയാപ്പ ഫിഷ് ലാന്‍ഡിങ് കേന്ദ്രങ്ങളില്‍ അടുപ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
Summary: 11 more samples tested negative for Nipah virus today