'കൊച്ചി സിറ്റി പരിധിയിലെ 14 മിസ്സിംഗ്‌ കേസുകൾ പരിശോധിക്കും'; കമ്മീഷണർ സി.എച്ച് നാഗരാജു

അന്വേഷണവുമായി ഒരു ഘട്ടത്തിലും ഷാഫി സഹകരിച്ചിരുന്നില്ലെന്ന് പൊലീസ്

Update: 2022-10-12 11:53 GMT
Editor : ijas
Advertising

കൊച്ചി സിറ്റി പരിധിയിലെ 14 മിസ്സിംഗ്‌ കേസുകൾ പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു. ഇലന്തൂരിലെ ഇരട്ടക്കൊല മാൻ മിസ്സിങ് കേസായാണ് അന്വേഷണം തുടങ്ങിയതെന്നും പത്മത്തിന്‍റെ സഹോദരിയുടെ പരാതിയിൽ ആണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു.

എളംകുളം ഭാഗത്ത് നിന്നാണ് പത്മത്തെ കാണാതായത്. ബൊലേറോ കാറിൽ കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യപ്രതി ഷാഫിയെ ചോദ്യം ചെയ്തതായും എന്നാല്‍ അന്വേഷണവുമായി ഒരു ഘട്ടത്തിലും അയാള്‍ സഹകരിച്ചില്ലെന്നും പൊലീസ് പറയുന്നു. പിന്നീട് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം മുന്നോട്ട് പോയത്. തെളിവുകൾ നിരത്തി ചോദ്യം ചെയ്‌തപ്പോള്‍ ഷാഫി കുറ്റം സമ്മതിച്ചതായും പൊലീസ് വിശദീകരിച്ചു.

ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാഫി കോലഞ്ചേരിയിലെ വൃദ്ധയെ പീഡിപ്പിച്ച കേസിലും പ്രതിയാണ്. അന്ന് വൃദ്ധയെ ആക്രമിച്ച അതെ രീതിയിലാണ് പത്മത്തെയും റോസ്‍ലിനെയും നേരിട്ടതെന്നും അവരുടെ ശരീരത്തിലെ മുറിവുകള്‍ അതേ രീതിയിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇലന്തൂരിലെ ദമ്പതികളായ ഭഗവല്‍ സിങ്ങും ലൈലയും അന്ധവിശ്വാസികളാണെന്നും രേഖകള്‍ പ്രകാരം ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പൊലീസ് അറിയിച്ചു. മുഖ്യപ്രതി ഷാഫി മനുഷ്യമാംസം കഴിച്ചെന്ന വിവരമുണ്ടെന്നും സൈക്കോപാത്താണെന്നും സി.എച്ച് നാഗരാജു പറഞ്ഞു. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News