തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; 160 കിലോ കഞ്ചാവ് പിടികൂടി
തിരുവനന്തപുരത്തും സമീപ ജില്ലകളിലും കഞ്ചാവ് മൊത്തവില്‍പ്പന നടത്തുന്ന സംഘമാണിവരെന്ന് പൊലീസ് അറിയിച്ചു
160 കിലോ കഞ്ചാവുമായി തിരുവനന്തപുരത്ത് പിടിയിലായ തമിഴ്നാട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. തിരുവനന്തപുരത്തും സമീപ ജില്ലകളിലും കഞ്ചാവ് മൊത്തവില്‍പ്പന നടത്തുന്ന സംഘമാണിവരെന്ന് പൊലീസ് അറിയിച്ചു.
കോയമ്പത്തൂര്‍ സ്വദേശികളായ മുക്താര്‍, ബാബു, കായംകുളം സ്വദേശി ശ്രീക്കുട്ടന്‍ എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്. ഡാന്‍സാഫ് ടീമും സ്പെഷ്യല്‍ ബ്രാഞ്ചും പോലീസിന് വേണ്ട വിവരങ്ങള്‍ കൈമാറിയിരുന്നു. സമീപകാലത്ത് പിടികൂടിയ മയക്കുമരുന്ന് കേസുകളുടെ തുടരന്വേഷണത്തില്‍ ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ഇവരെപറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായത്. ഡാന്‍സാഫ് ടീം ദിവസങ്ങളായി ഈ കഞ്ചാവ് സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നു.
ആന്ധ്രാപ്രദേശില്‍ നിന്നും തമിഴ്നാട്ടില്‍ എത്തുന്ന കഞ്ചാവ് കേരളത്തിലേക്ക് വരുന്ന പച്ചക്കറി ഉള്‍പ്പെടെയുള്ള ചരക്കു വാഹനങ്ങളിലാണ് സംഘം കടത്തുന്നത്. കുമാരപുരം പൂന്തി റോഡിലുള്ള ആളോഴിഞ്ഞ പുരയിടത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് നിര്‍മ്മാണ പണികള്‍ക്കായി സൂക്ഷിച്ചിരുന്ന വലിയ പൈപ്പുകള്‍ക്കുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 72 പാക്കറ്റുകളിലായി ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു.