സുധീരനെതിരെ എ, ഐ ഗ്രൂപ്പുകളില്‍ നിന്ന് ഹൈകമാന്‍ഡിന് പരാതി പ്രവാഹം

Update: 2017-02-11 11:09 GMT
Editor : admin
സുധീരനെതിരെ എ, ഐ ഗ്രൂപ്പുകളില്‍ നിന്ന് ഹൈകമാന്‍ഡിന് പരാതി പ്രവാഹം
Advertising

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയസാദ്ധ്യത പരിഗണിക്കുന്നതിന് പകരം തനിക്കൊപ്പം ആളെക്കൂട്ടാനാണ് സുധീരന്‍ ശ്രമിച്ചതെന്നാണ് പരാതി

Full View

കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരനെതിരെ എ, ഐ ഗ്രൂപ്പുകളില്‍ നിന്ന് ഹൈകമാന്‍ഡിന് പരാതി പ്രവാഹം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയസാദ്ധ്യത പരിഗണിക്കുന്നതിന് പകരം തനിക്കൊപ്പം ആളെക്കൂട്ടാനാണ് സുധീരന്‍ ശ്രമിച്ചതെന്നാണ് പരാതി. ഇത് പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കിയെന്നും സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അയച്ച പരാതികളില്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയുടെ വിജയ സാദ്ധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തേണ്ടതിന് പകരം തനിക്കൊപ്പം ആളെക്കൂട്ടുന്നതിനു വേണ്ടിയാണ് കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന്‍ ശ്രമിച്ചതെന്ന് ആരോപിക്കുന്ന നിരവധി പരാതികളാണ് എ, ഐ ഗ്രൂപ്പുകളുടെ നേതാക്കള്‍ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അയച്ചിരിക്കുന്നത്. ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ വിജയിക്കാമെന്ന് ഉറപ്പുള്ള സീറ്റുകളില്‍ പോലും രണ്ടും മൂന്നും സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിച്ച് സുധീരന്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് പരാതികളില്‍ ആരോപിക്കുന്നു. കരട് പട്ടിക പുറത്തായത് നാട്ടുകാരില്‍ ആശയക്കുഴപ്പമുണ്ടാക്കി.

നാളെ സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ സ്ക്രീനിങ്ങ് കമ്മിറ്റി യോഗം ചേരാനിരിക്കുകയാണ്. അതിന് ശേഷമാണ് സോണിയാഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കുക. ഇതിന് മുന്‍പായാണ് എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് സുധീരനെതിരെ ഹൈകമാന്‍ഡിനെ സമീപിച്ചിരിക്കുന്നത്. ഇരുഗ്രൂപ്പുകളിലെയും സംസ്ഥാന നേതാക്കള്‍ വരെയുള്ളവര്‍ പരാതിക്കാരിലുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News