കേരള കോണ്‍ഗ്രസ് എം യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശം
ബാര്‍ കോഴ വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത് തിരിച്ചടിയായെന്ന് കേരള കോണ്‍ഗ്രസ് എം
തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് യോഗത്തില്‍ കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശം. ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ പ്രതിയാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചു. മെത്രാന്‍ കായലുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തേക്കാള്‍ വലിയ വിമര്‍ശം കോണ്‍ഗ്രസ് നേതാക്കളാണ് ഉന്നയിച്ചതെന്നും കേരള കോണ്‍ഗ്രസ് യോഗത്തില്‍ വിമര്‍ശമുയര്‍ന്നു.
കേരള കോണ്‍ പഠന ക്യാമ്പ് എന്ന പേരില്‍ കോട്ടയത്ത് നടന്ന തെരഞ്ഞെടുപ്പ് അവലോകനയോഗത്തിലാണ് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശം ഉന്നയിച്ചത്. ബാര്‍ കോഴ വിഷയത്തില്‍ കെ എം മാണിയെ പ്രതിയാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെന്നായിരുന്നു പ്രധാന വിമര്‍ശം. ബാറാബാസിനെ രക്ഷിക്കാന്‍ യേശുക്രിസ്തുവിനെ ക്രൂശിലേറ്റുക എന്ന് യഹൂദന്മാര്‍ ആക്രോശിച്ചത് പോലെയാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍. മെത്രാന്‍ കായല്‍ അടക്കം യുഡിഎഫ് സര്‍ക്കാറിന്റെ അവസാന കാല തീരുമാനങ്ങളും തിരിച്ചടിയായി.
ആര്‍എസ്‍പിയെ പോലെ കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ നടത്തിയ ശ്രമം പാര്‍ട്ടി അതിജീവിച്ചു. 40 മണ്ഡലങ്ങളില്‍ ന്യൂനപക്ഷവോട്ടുകളില്‍ ഗണ്യമായ കുറവുണ്ടായതായും യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പിന് ശേഷവും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ വിമര്‍ശം കേരള കോണ്‍ഗ്രസ് തുടരുമെന്നാണ് യോഗത്തിലുണ്ടായ ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത്.