ശിശുക്ഷേമ സമിതി തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം

Update: 2017-05-03 06:12 GMT
Editor : Sithara
ശിശുക്ഷേമ സമിതി തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം
Advertising

കഴിഞ്ഞ ‌ഭരണ സമിതിയുടെ കാലത്ത് ശിശുക്ഷേമ സമിതിയിൽ പുതുതായി അംഗത്വം നൽകിയവർ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്

Full View

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഭരണ സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം. കഴിഞ്ഞ ‌ഭരണ സമിതിയുടെ കാലത്ത് ശിശുക്ഷേമ സമിതിയിൽ പുതുതായി അംഗത്വം നൽകിയവർ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാന ശിശുക്ഷേമ സമിതിയിലേക്ക് പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിലാണ് എല്‍ഡിഎഫ് - യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ യുഡിഎഫ് അനുകൂല ഭരണസമിതിയുടെ കാലയളവില്‍ അംഗത്വം നല്‍കിയ 868 ആജീവനാന്ത അംഗങ്ങളുടെ വോട്ട് അവകാശം സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷ കാരണം. അംഗത്വ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ട് ചെയ്യാന്‍ വന്നവരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ചട്ടങ്ങള്‍ ലംഘിച്ച് 868 പേരെ ആജീവനാന്ത അംഗത്വം നല്‍കിയത് അഴിമതി മറച്ചുവെക്കാനും ഭരണസമിതി പിടിച്ചെടുക്കാനുമാണെന്നാണ് ഇടത് സംഘടനാ പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ തിരിച്ചറിയല്‍ രേഖകളുമായി വരുന്നവരെ പോലും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകരും ബഹളം വെച്ചു.

തെരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവെക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. വോട്ടെടുപ്പ് കൃത്യസമയത്ത് നടത്താനും ഫലം പിന്നീട് പ്രഖ്യാപിക്കാനുമായിരുന്നു കോടതി നിര്‍ദേശം. പുതുതായി ചേര്‍ത്ത 868 വോട്ടുകള്‍ പ്രത്യേകം പെട്ടിയിലാക്കി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജഡ്ജിയുടെ കൈവശം സൂക്ഷിക്കും. ഹൈക്കോടതി നിർദേശിച്ച അഭിഭാഷക കമ്മീഷന്റെ നേതൃത്തിലാണ് വോട്ടെടുപ്പ് നടന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News