യുഡിഎഫ് പ്രകടനപത്രികയുടെ മുഖചിത്രം ഉമ്മന്‍ചാണ്ടി, ഒരു വിഭാഗം നേതാക്കള്‍ക്ക് അമര്‍ഷം
യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ അടുത്ത മുഖ്യമന്ത്രി താനായിരിക്കുമെന്ന സന്ദേശം നല്‍കുകയാണ് ഉമ്മന്‍ചാണ്ടിയുടെ ഉദ്ദേശമെന്നാണ് എതിര്‍ക്കുന്നവരുടെ ആക്ഷേപം...
യുഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയുടെ കവര്‍ പേജില്‍ ഉമ്മന്‍ചാണ്ടിയുടെ ചിത്രം മാത്രം കൊടുത്തതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അമര്‍ഷം. ഒരു നേതാവിന്റെ ചിത്രം മാത്രം നല്‍കി പ്രകടന പത്രിക തയ്യാറാക്കുന്ന പതിവ് യുഡിഎഫില്‍ ഇല്ലായിരുന്നുവെന്നതാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ത്തുന്ന വാദം. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പരസ്യ എതിര്‍പ്പ് ഉയര്‍ത്തണ്ടായെന്നാണ് വി.എം സുധീരന്റേയും, രമേശ് ചെന്നിത്തലയുടെയും ഒപ്പം നില്‍ക്കുന്നവരുടെ തീരുമാനം.
യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ അടുത്ത മുഖ്യമന്ത്രി താനായിരിക്കുമെന്ന സന്ദേശം നല്‍കുകയാണ് ഉമ്മന്‍ചാണ്ടിയുടെ ഉദ്ദേശമെന്നാണ് എതിര്‍ക്കുന്നവരുടെ ആക്ഷേപം. എ വിഭാഗം നേതാവ് എം.എം ഹസന്‍ ചെയര്‍മാനായ യുഡിഎഫ് ഉപസമിതിയാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്നതും സംശയം ബലപ്പെടുത്തുന്നു. ഉമ്മന്‍ചാണ്ടിയും, വി.എം സുധീരനും, രമേശ് ചെന്നിത്തലയും ഒരുമിച്ച് യുഡിഎഫിനെ നയിക്കട്ടെയെന്നതായിരുന്നു ഹൈക്കമാന്റിന്റെ നിലപാട്.
ഇത് തകര്‍ക്കുന്നതിനായാണ് പ്രകടന പത്രികയുടെ മുഖചിത്രത്തിലും,ഉള്ളിലെ പ്രധാന പേജിലും ഉമ്മന്‍ചാണ്ടിയുടെ ചിത്രം നല്‍കിയതെന്നും ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ സംഭവം വിവാദമാക്കി തെരഞ്ഞെടുപ്പിലെ സാധ്യതകളെ തകര്‍ക്കണ്ടായെന്നതാണ് നേതാക്കളുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ചിത്രം വന്നതില്‍ തെറ്റില്ലെന്ന് വി.എം സുധീരന്‍ പ്രതികരിച്ചത്.
എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ മാത്രം ചിത്രം വന്നതിനോട് ഘടകക്ഷികള്‍ക്ക് എതിര്‍പ്പില്ല. പുറം പേജില്‍ യുഡിഎഫ് നേതാക്കളുടെയെല്ലാം ചിത്രം നല്‍കിയിട്ടുണ്ട്.