നീറ്റ്: സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ക്ലാരിഫിക്കേഷന്‍ പെറ്റീഷന്‍ നല്‍കും
ഏകീകൃത പ്രവേശ പരീക്ഷയില്‍ നിന്ന് ഈ വര്‍ഷം കേരളത്തെ ഒഴിവാക്കണമെന്നും ആവശ്യപ്പെടും
ഏകീകൃത പ്രവേശ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ക്ലാരിഫിക്കേഷന്‍ പെറ്റീഷന്‍ നല്‍കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പെറ്റീഷന്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന. ഏകീകൃത പ്രവേശ പരീക്ഷയില്‍ നിന്ന് ഈ വര്‍ഷം കേരളത്തെ ഒഴിവാക്കണമെന്നും ആവശ്യപ്പെടും. നീറ്റിന്റെ ആദ്യഘട്ട പരീക്ഷ നാളെ ആരംഭിക്കും.
ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ സംസ്ഥാന പ്രവേശ പരീക്ഷ കഴിഞ്ഞ ദിവസം സുപ്രീംകോടതി അസാധുവാക്കിയിരുന്നു. എം ബി ബി എസ്, ബിഡിഎസ് എന്നീ കോഴ്സുകളിലേക്ക് ഏകീകൃത പ്രവേശ പരീക്ഷ നടക്കാനിരിക്കുന്നത്. ഇവ ഒഴികെയുള്ള മറ്റ് മെഡിക്കല്‍ കോഴ്സുകളിലേക്ക് കൂടിയാണ് സംസ്ഥാന പ്രവേശ പരീക്ഷ നടന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശ നടപടികള്‍ തന്നെ അവതാളത്തിലാകുന്ന വിധിയില്‍ സുപ്രീംകോടതിയില്‍ ക്ലാരിഫിക്കേഷന്‍ പെറ്റീഷന്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തിങ്കളാഴ്ചയായിരിക്കും പെറ്റീഷന്‍ നല്‍കുക. ഏകീകൃത പ്രവേശ പരീക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെടും. വിധി പുറപ്പെടുവിച്ച സുപ്രീംകോടതി മൂന്നംഗ ബെഞ്ചിലായിരിക്കും സര്‍ക്കാര്‍ പെറ്റീഷന്‍ നല്‍കുക. കേന്ദ്രത്തിന്റെ അപേക്ഷ കഴിഞ്ഞ ദിവസം ഈ ബഞ്ച് തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ നിയമോപദേശം തേടിയാകും സര്‍ക്കാര്‍ മുന്നോട്ടുപോവുക. അതിനിടെ ആദ്യഘട്ട ഏകീകൃത പ്രവേശ പരീക്ഷ നാളെ നടക്കും.