സ്പിരിറ്റ് കടത്തിനും വാറ്റ് ചാരായത്തിനുമെതിരെ കര്‍ശന നടപടി: ഋഷിരാജ് സിങ്
അനധികൃത മദ്യവില്‍പനയുമായി ബന്ധപ്പെട്ട് കേസുകളെടുക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ഋഷിരാജ് സിങ്
സ്പിരിറ്റ് കടത്തിനും വാറ്റ് ചാരായത്തിനുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് എക്സൈസ് കമ്മീഷണറായി ചുമതലയേറ്റ ഡിജിപി ഋഷിരാജ് സിങ്. അനധികൃത മദ്യവില്‍പനയുമായി ബന്ധപ്പെട്ട് കേസുകളെടുക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. ലഹരിമരുന്നിനും കഞ്ചാവിനുമെതിരെ ജനകീയ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കുമെന്നും ഋഷിരാജ് സിങ് തിരുവനന്തപുരത്ത് വ്യക്തമാക്കി
രാവിലെ 10 മണിക്ക് എക്സൈസ് ആസ്ഥാനത്തെത്തിയാണ് ഡിജിപി ഋഷിരാജ് സിംങ് ചുമതലയേറ്റെടുത്തത്. എക്സൈസ് മന്ത്രിയും ചീഫ് സെക്രട്ടറിയുമായി നടത്തിയ കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന്
അദ്ദേഹം പറഞ്ഞു. വാറ്റ് ചാരായം, അനധികൃത മദ്യവില്‍പന, സ്പിരിറ്റ് കടത്ത് എന്നീ കുറ്റകൃത്യങ്ങള്‍ക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. പൊതുസ്ഥലത്ത് മദ്യപിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടിവരും. കള്ളുഷാപ്പ് ലൈസന്‍സ് വെച്ച് അനധികൃത വില്പന നടത്തുന്നത് തടയുമെന്നും എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
ലഹരിമരുന്നിനും കഞ്ചാവിനുമെതിരെ പരിശോധനകള്‍ കര്‍ശനമാക്കുന്നതിന് പുറമെ ഇവയുടെ ഉപയോഗം
തടയാന്‍ പ്രവര്‍ത്തിക്കുന്ന ജനകീയ സമിതികള്‍ ശക്തിപ്പെടുത്തുമെന്നും ഋഷിരാജ് സിങ് പറഞ്ഞു. പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍
തന്റെ ഔദ്യോഗിക മൊബൈലില്‍ വിളിക്കാമെന്നും അദ്ദേഹം അറിയിച്ചു.