കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം പിന്‍വലിച്ചു
കെഎസ്ആര്‍ടിസി പ്രതിസന്ധി പരിഹരിക്കുന്നതിന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഇന്ന് തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തി
ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ നടത്താനിരുന്ന പണിമുടക്കില്‍ നിന്ന് പിന്മാറി. ശമ്പളവും, പെന്‍ഷനും, കുടിശ്ശികയടക്കമുള്ള ഡിഎയും ഉടന്‍ നല്‍കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് തീരുമാനം. കെഎസ്ആര്‍ടിസിക്ക് നാളെ 100 കോടി രൂപ കെടിഡിഎഫ്‍സി വായ്പയായി നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
കോണ്‍ഗ്രസിന്റെ ടിഡിഎഫ്, സിപിഐയുടെ കെഎസ്ആര്‍ടി എംപ്ലോയിസ് യൂണിയന്‍, ബിജെപിയുടെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയിസ് സംഘ് എന്നീ സംഘടനകളാണ് ആഹ്വാനം ചെയ്ത പണിമുടക്ക് പിന്‍വലിച്ചത്. ശമ്പളവും, പെന്‍ഷനും വൈകുന്നതിന് പുറമേ നല്‍കാനുള്ള 6 ശതമാനം ക്ഷാമബത്തയും ഉടന്‍ നല്‍കണമെന്നായിരുന്നു ആവശ്യം. ഒരാഴ്ചക്കുള്ളില്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള മുഴുവന്‍ പണവും നല്‍കാമെന്ന ഉറപ്പ് മന്ത്രി നല്‍കി. പറ്റുമെങ്കില്‍ മുഴുവന്‍ തുകയും ഒരുമിച്ച് നല്‍കാമെന്നാണ് വാഗ്ദാനം. ഇതിനെത്തുടര്‍ന്നാണ് സംഘടനകള്‍ പണിമുടക്കില്‍ നിന്ന് പിന്മാറിയത്. പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ജീവനക്കാരെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.