ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം
ജേക്കബ് തോമസ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം വിജിലന്‍സ് തലപ്പത്ത് നിന്ന് മാറേണ്ടതില്ലെന്നുമാണ് വി എസ്
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം. ഇക്കാര്യം പാര്‍ട്ടി മുഖ്യമന്ത്രിയെ അറിയിച്ചു. ജേക്കബ് തോമസ് ഒഴിയുന്നത് അഴിമതിക്കെതിരായ സര്‍ക്കാര്‍ നിലപാടില്‍ ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ടാക്കാന്‍ ഇടയാക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അഴിമതിക്കെതിരായ നിരവധി കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടത്തിവരികയാണ്. സ്വജനപക്ഷപാതത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന ഇ പി ജയരാജനെതിരായ വിജിലന്‍സ് അന്വേഷണവും പുരോഗമിക്കുകയാണ്.
ഈ ഘട്ടത്തില്‍ വിജിലന്‍സ് തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥന്‍ മാറുന്നത് സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്ക്. വിജിലന്‍സ് അന്വേഷണങ്ങള്‍ യുഡിഎഫിനാണ് തലവേദന സൃഷ്ടിച്ചതെങ്കിലും പുതിയ സാഹചര്യം സര്‍ക്കാറിനെതിരായി മുതലെടുക്കാനാണ് അവരുടെ നീക്കം. രാജിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദമാണോയെന്ന സംശയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ഇതിനകം ഉന്നയിച്ചത് ഇതിന് തെളിവാണ്.
ഈ സാഹചര്യത്തില്‍ ജേക്കബ് തോമസിനോട് തുടരാന്‍ ആവശ്യപ്പെടാനാണ് പാര്‍ട്ടി തീരുമാനം. ഇന്ന് മുഖ്യമന്ത്രി കൂടി പങ്കെടുത്ത അവൈലബിള്‍ സെക്രട്ടേറിയറ്റില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ഇതേ നിലപാട് തന്നെയാണ്. മുതിര്‍ന്ന നേതാവും ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്റെ പരസ്യനിലപാടും നിര്‍ണായകമായി.
ജേക്കബ് തോമസ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം വിജിലന്‍സ് തലപ്പത്ത് നിന്ന് മാറേണ്ടതില്ലെന്നുമാണ് വി എസ് വ്യക്തമാക്കിയത്. മുഖ്യമന്ത്രി ആവശ്യപ്പെടുന്നതോടെ പദവിയില്‍ തുടരാന്‍ ജേക്കബ് തോമസ് തയ്യാറായായേക്കും