ഇഷ്ടമില്ലാത്തത് പറയുമ്പോൾ ജീവിക്കാൻ വിടില്ലെന്ന് പറയുന്നത് ഫാഷിസമാണെന്ന് കവിത ലങ്കേഷ്
ഭീഷണി വകവയ്ക്കാതെയാണ് ഗൌരി പ്രവര്‍ത്തിച്ചതെന്നും ഗൌരിയുടെ ശബ്ദം നിലക്കില്ലെന്നും കവിത ലങ്കേഷ് മലപ്പുറത്ത് പറഞ്ഞു
ഗൌരി ലങ്കേഷിനെ കൊലപ്പെടുത്തിയതിനെതിരെ കേരളം നല്കിയ പിന്തുണ വിലമതിക്കാനാകാത്തതാണെന്ന് ഗൌരി ലങ്കേഷിന്റെ സഹോദരിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ കവിത ലങ്കേഷ്. ഭീഷണി വകവയ്ക്കാതെയാണ് ഗൌരി പ്രവര്‍ത്തിച്ചതെന്നും ഗൌരിയുടെ ശബ്ദം നിലക്കില്ലെന്നും കവിത ലങ്കേഷ് മലപ്പുറത്ത് പറഞ്ഞു.
തിരൂർ മലയാള സർവകലാശാലയിൽ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരൂരിൽ നടന്ന മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കവിത ലങ്കേഷ്. പത്രികയുടെ നടത്തിപ്പില്‍ ഏറെ പ്രയാസം നേരിട്ടപ്പോഴും തന്റെ നിലപാടില്‍ നിന്ന് ഗൌരി ലങ്കേഷ് ഒരിക്കലും പിന്നോട്ടുപോയില്ലെന്ന് കവിത ലങ്കേഷ് പറഞ്ഞു. മാവോയിസ്റ്റുകളാണ് കൊലക്ക് പിന്നിലെന്ന് പ്രചാരണം നടത്തുന്നുണ്ട് ചിലർ. ഇഷ്ടമില്ലാത്തത് പറയുമ്പോൾ അത് സഹിഷ്ണുതയോടെ കേൾക്കാതെ ജീവിക്കാൻ വിടില്ലെന്ന് പറയുന്നത് ഫാഷിസമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഫാഷിസ്റ്റ് ശക്തികളുടെ അസഹിഷ്ണുത മൂലം രാജ്യത്ത് സ്വതന്ത്ര മാധ്യമ പ്രവർത്തനം അപ്രാപ്യമായതായി സെമിനാറില്‍ പങ്കെടുത്ത പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ഔട്ട്ലുക്ക് എഡിറ്റർ ഇൻ ചീഫ് രാജേഷ് രാമചന്ദ്രൻ , മനോരമ ന്യൂസ് ചാനൽ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് ,മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ എൻ പി രാജേന്ദ്രൻ , കെയുഡബ്യൂജെ സംസ്ഥാന പ്രസിഡന്റ് പി.എ അബ്ദുല്ഗഫൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.