മിസോറാം ലോട്ടറി ഇടപാടില്‍ യുവമോര്‍ച്ചാ നേതാവിനെതിരെ കേസെടുത്തു
യുവമോര്‍ച്ചാ പാലക്കാട് ജില്ലാ സെക്രട്ടറി ഹരിപ്രസാദിനെതിരെയാണ് കേസെടുത്തത്
സാന്‍ഡിയാഗോ മാര്‍ട്ടിന് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മിസോറാം ലോട്ടറി ഇടപാടില്‍ യുവമോര്‍ച്ചാ നേതാവിനെതിരെ പൊലീസ് കേസെടുത്തു. യുവമോര്‍ച്ചാ പാലക്കാട് ജില്ലാ സെക്രട്ടറി ഹരിപ്രസാദിനെതിരെയാണ് കേസെടുത്തത്. ഒരു കോടി ഇരുപത് ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ് ഇയാളുടെ കടയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്.
കഴിഞ്ഞമാസം ഇരുപത്തിയെട്ടിനാണ് കഞ്ചിക്കോടിനടുത്ത് കുരുടിക്കാട്ടെ ഗോഡൌണിലും പാലക്കാട് നഗരത്തിലെ ഓഫീസിലും പൊലീസ് റെയ്ഡ് നടത്തിയത്. ഈ കേസില്‍ നാല് പേരെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. ടീസ്റ്റ ലോട്ടറീസില്‍ നിന്ന് വന്‍തോതില്‍ ലോട്ടറി വാങ്ങിക്കൂട്ടിയതിനാണ് ഹരിപ്രസാദിനെതിരെ പോലീസ് കേസെടുത്തത്. ടിക്കറ്റുകള്‍ ഹരിപ്രസാദിന്‍റെ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് കണ്ടെടുത്തു. കസബ എസ്ഐ ആണ് എഫ്ഐആര്‍ സമര്‍പ്പിച്ചതെങ്കിലും പിന്നീട് കസബ സിഐ അന്വേഷണം ഏറ്റെടുത്തു. എഫ്ഐആറില്‍ പ്രതികളിലാരുടെയും പേരുണ്ടായിരുന്നില്ല. പിന്നീടാണ് ഹരിപ്രസാദുള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. മറ്റ് പ്രതികള്‍ പിന്നീട് ജാമ്യത്തിലിറങ്ങിയെങ്കിലും ഹരിപ്രസാദ് ഒളിവിലായിരുന്നു. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ ഹരിപ്രസാദ് അറസ്റ്റ് ഒഴിവാക്കുകയായിരുന്നു. ടീസ്റ്റ ലോട്ടറീസുമായി സാന്‍ഡിയാഗോ മാര്‍ട്ടിന് ബന്ധമുണ്ടോയെന്ന് ഇപ്പോഴും അന്വേഷണത്തിലാണെന്നാണ് പോലീസിന്‍റെ വിശദീകരണം.