തദ്ദേശ സ്ഥാപനങ്ങളിലെ കേരള കോണ്‍ഗ്രസ് ബന്ധം: നാളെ തീരുമാനമെന്ന് പി പി തങ്കച്ചന്‍
തദ്ദേശ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസ് എമ്മുമായുള്ള സഹകരണം തുടരണമോയെന്ന കാര്യത്തില്‍ യുഡിഎഫില്‍ ചര്‍ച്ച തുടങ്ങി.
തദ്ദേശ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസ് എമ്മുമായുള്ള സഹകരണം തുടരണമോയെന്ന കാര്യത്തില്‍ യുഡിഎഫില്‍ ചര്‍ച്ച തുടങ്ങി. നഷ്ടമില്ലെങ്കില്‍ സഹകരണം അവസാനിപ്പിക്കാനാണ് ആലോചന. അന്തിമ തീരുമാനം നാളെച്ചേരുന്ന യുഡിഎഫില്‍ ഉണ്ടാകുമെന്ന് മുന്നണി കണ്‍വീനര്‍ പി പി തങ്കച്ചന്‍ മീഡിയവണിനോട് പറഞ്ഞു
ഏകപക്ഷീയമായി മുന്നണി വിട്ട കേരള കോണ്‍ഗ്രസുമായി പ്രാദേശിക തലത്തിലും സഹകരണം വേണ്ടെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാട്. തദ്ദേശ സ്ഥാപനങ്ങളിലെ കൂട്ടുകെട്ട് അവസാനിപ്പിച്ചാല്‍ കൂടുതല്‍ നഷ്ടം ആര്‍ക്കെന്ന് പരിശോധിക്കും. മൂന്ന് ജില്ലകളിലായി നൂറോളം തദ്ദേശ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ നിര്‍ണായകമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിശദമായ കണക്കുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. യുഡിഎഫിന് വലിയ പരിക്കില്ലെങ്കില്‍ സഖ്യം അവസാനിപ്പിക്കും. മറിച്ചാണെങ്കില്‍ മാണിയുടെ തീരുമാനത്തിനായി കാത്തിരിക്കാമെന്നുമാണ് യുഡിഎഫിലെ ധാരണ.
കേരള കോണ്‍ഗ്രസ് മുന്നണി വിടേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും മനസ്സുമാറുകയാണെങ്കില്‍ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കുമെന്നും പി പി തങ്കച്ചന്‍ പറഞ്ഞു.