മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളജിനെതിരായ പരാതി; രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി രക്ഷിതാക്കള്‍ അറിയിച്ചു.
കോട്ടയം മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളജിനെതിരായ പരാതികളില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ചെയര്‍മാന്‍ ടോം ടി ജോസഫിനെ അറസ്റ്റ് ചെയ്യണമെന്നാണ് രക്ഷിതാക്കളുടെ പ്രധാന ആവശ്യം. പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി രക്ഷിതാക്കള്‍ അറിയിച്ചു.
മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളജ് ചെയര്‍മാന്‍ ടോം ടി ജോസഫിനെതിരെ നിരവധി കേസുകള്‍ പല സ്ഥലങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്. ടോമിനെ അറസ്റ്റ് ചെയ്യണമെന്നും കേസുകളില്‍ പുനരന്വേഷണം വേണമെന്നുമാണ് ഇവരുടെ ആവശ്യം. കോളജില്‍ മതിയായ സൌകര്യങ്ങളില്ലെന്ന് സാങ്കേതിക സര്‍വകലാശാല കണ്ടെത്തിയ സാഹചര്യത്തില്‍ കുട്ടികളെ മറ്റ് കോളജുകളിലേക്ക് മാറ്റാന്‍ നടപടി വേണമെന്നും മുഖ്യമന്ത്രിയോട് ഉന്നയിച്ചിട്ടുണ്ട്.
ഇന്നും ചെയര്‍മാന്‍ കോളജിലെത്തി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തിയതായും ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. പ്രശ്നങ്ങളില്‍ പരിശോധനക്ക് ശേഷം നടപടി എടുക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയതായി രക്ഷിതാക്കള്‍ പറഞ്ഞു.