പ്രചരണം മുറുകുന്നു; ഇനിയും മനം പറയാതെ കല്‍പറ്റ

Update: 2018-03-20 02:36 GMT
Editor : admin
പ്രചരണം മുറുകുന്നു; ഇനിയും മനം പറയാതെ കല്‍പറ്റ
Advertising

തോട്ടം തൊഴിലാളികളും ആദിവാസി വിഭാഗത്തിലുള്ളവരുമാണ് കല്‍പറ്റ മണ്ഡലത്തിലെ ജയപരാജയങ്ങള്‍ തീരുമാനിക്കുക.

പ്രചാരണം മുറുകും തോറും കല്‍പറ്റയുടെ ഫലം പ്രവചനാതീതമാകുകയാണ്. എല്‍ഡിഎഫും യുഡിഎഫും ബലാബലം പരീക്ഷിയ്ക്കുമ്പോള്‍, എന്‍ഡിഎയും വലിയ പ്രതീക്ഷയിലാണ്. തോട്ടം തൊഴിലാളികളും ആദിവാസി വിഭാഗത്തിലുള്ളവരുമാണ് കല്‍പറ്റ മണ്ഡലത്തിലെ ജയപരാജയങ്ങള്‍ തീരുമാനിക്കുക.

Full View

രണ്ടു തവണ ഒഴിച്ചു നിര്‍ത്തിയാല്‍ എന്നും യുഡിഎഫിനൊപ്പമായിരുന്നു കല്‍പറ്റ മണ്ഡലം. ഇതു തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ് കുമാറിന് പ്രതീക്ഷ നല്‍കുന്നതും. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്ക് ഒരു വോട്ടാണ് ശ്രേയാംസ്‍ കുമാര്‍ അഭ്യര്‍ഥിയ്ക്കുന്നത്. പ്രചാരണം രണ്ടാം ഘട്ടത്തിലെത്തുമ്പോള്‍ ഉറച്ച വിജയ പ്രതീക്ഷയുമുണ്ട്.

എന്നാല്‍, കഴിഞ്ഞ രണ്ട് തവണത്തെ പോലെ, യുഡിഎഫിന് സുഖമായി ഇത്തവണ കല്‍പറ്റയില്‍ ജയിച്ചു കയറാന്‍ സാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. യുവാക്കളും പുതിയ വോട്ടര്‍മാരുമാണ് മണ്ഡലത്തില്‍ ജയപരാജയങ്ങള്‍ തീരുമാനിയ്ക്കുന്നതില്‍ നിര്‍ണായകം.

യുഡിഎഫ് ഉയര്‍ത്തുന്ന വികസന നേട്ടങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വോട്ട് തട്ടാനുള്ള ശ്രമങ്ങള്‍ മാത്രമാണെന്നാണ് എല്‍ഡിഎഫിന്റെ പക്ഷം. ജനങ്ങള്‍ ഇതു തിരിച്ചറിഞ്ഞത് എല്‍ഡിഎഫിന് ഗുണകരമാകും. കര്‍ഷകരുടെയും തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും വികസനത്തിനായി ഇതുവരെ യുഡിഎഫ് ഒന്നും ചെയ്തിട്ടില്ല. പ്രചാരണം പുരോഗമിയ്ക്കുമ്പോള്‍, തികഞ്ഞ വിജയ പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.

ഇരു മുന്നണികളോടുമുള്ള ജനങ്ങളുടെ വിരുദ്ധ നിലപാട് വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് എന്‍ഡിഎയ്ക്കുള്ളത്. കല്‍പറ്റയിലും ത്രികോണ മത്സരമാണെന്ന് അവകാശപ്പെടുന്ന എന്‍ഡിഎയ്ക്ക് പാര്‍ലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ വോട്ടിങില്‍ ഉണ്ടാക്കിയ മുന്നേറ്റവും പ്രതീക്ഷയാകുന്നു.

തിരുവമ്പാടി മണ്ഡലത്തിന്റെ ഭാഗമായിരുന്ന കല്‍പറ്റ, എണ്‍പതുകളിലാണ് സ്വതന്ത്ര മണ്ഡലമായി മാറുന്നത്. നിലവില്‍ ജനതാദള്‍ യുനൈറ്റഡിലെ എം.വി ശ്രേയാംസ് കുമാറാണ് മണ്ഡലത്തെ പ്രതിനിധീകരിയ്ക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ പി.എ. മുഹമ്മദിനെ 18,169 വോട്ടുകള്‍ക്കാണ് ശ്രേയാംസ് കുമാര്‍ പരാജയപ്പെടുത്തിയത്.പത്ത് പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍, എട്ടു പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാണ് ഭരണം. എന്നാല്‍, ജില്ലാ പഞ്ചായത്തിലെ ഏഴ് ഡിവിഷനുകളിലെയും നഗരസഭയിലെയും കണക്കുകള്‍, യുഡിഎഫിന് അനുകൂലമാണ്. 71,337 വോട്ടുകള്‍ യുഡിഎഫ് നേടിയപ്പോള്‍, 59,094 വോട്ടുകളാണ് എല്‍ഡിഎഫ് നേടിയത്. ബിജെപി 11,042 വോട്ടുകളും നേടി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News