വോട്ട് ചെയ്യാന്‍ ബംഗാളിലേക്കില്ലെന്ന് കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍
ആര് അധികാരത്തില്‍ വന്നാലും പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും ഗുണമുണ്ടാകില്ലെന്നും
കേരളത്തിലേത് പോലെ തെരഞ്ഞെടുപ്പ് ഭ്രമമോ വോട്ട് ചെയ്യണമെന്ന ആഗ്രഹമോ കേരളത്തില്‍ ജോലിക്ക് വന്ന ബംഗാളികള്‍ക്കില്ല. ആര് അധികാരത്തില്‍ വന്നാലും പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും ഗുണമുണ്ടാകില്ലെന്നും, അതിനാല്‍ വോട്ട് ചെയ്യാന്‍ പണം മുടക്കി ബംഗാള്‍ വരെ പോകുന്നില്ലെന്നുമാണ് ഒട്ടുമിക്കവരുടെയും പ്രതികരണം. മലയാളികള്‍ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കടക്കുമ്പോഴും നമ്മുടെ തൊഴിലിടങ്ങളില്‍ നിസ്സംഗതയോടെ അവരുണ്ട്.
പണിയെടുക്കുന്നു, ഭക്ഷണം കിട്ടുന്നു, അത്രയേയുള്ളു. വേറെ ഒന്നും ചിന്തിക്കുന്നില്ല. ജോലി ചെയ്താലെ ഗുണമുള്ളു. ആരും സഹായിക്കില്ലെന്ന് പറയുന്നു ജോലി തേടി കേരളത്തിലെത്തിയ മാമുന്‍ റഷീദ്.
മാമുന്‍ റഷീദിനെ പോലെ തങ്ങളെ ആര് ഭരിച്ചാലും അതിനെ ഗൌനിക്കേണ്ടതില്ലെന്ന നിലപാടുള്ളവരാണ് കേരളത്തില്‍ തൊഴിലെടുക്കുന്ന ബംഗാളികളിലധികവും. കേരളത്തില്‍ വന്നു, ഇവിടെ ജോലി ചെയ്യുന്നു, സമ്പാദിക്കുന്നു. അത് കൊണ്ട് ബംഗാളിലുള്ള വീട്ടുകാര്‍ പട്ടിണിയില്ലാതെ കഴിയുന്നുണ്ട്. അതില്‍ പരം എന്ത് സന്തോഷം. രാഷ്ട്രീയവും ഭരണവുമൊക്കെ വലിയ ആളുകളുടെ പണിയാണത്രെ.
പശ്ചിമ ബംഗാളില്‍ നിന്ന് ലക്ഷകണക്കിന് തൊഴിലാളികള്‍ കേരളത്തിലുണ്ട്. കൊച്ചി മെട്രോ തുടങ്ങി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തൊഴിലിടങ്ങളിലും പുറമെയുള്ള തൊഴിലിടങ്ങളിലുമായി അവര്‍ ജോലി ചെയ്യുന്നു. മൂന്ന് പതിറ്റാണ്ടിലധികം ഇടത് പക്ഷവും അതിന് ശേഷം 10 വര്‍ഷമായി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ഭരിച്ചെങ്കിലും ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. സാധാരണക്കാരന് എന്തെങ്കിലും പ്രതീക്ഷ നല്‍കാന്‍ പോലും അവിടുത്തെ രാഷ്ട്രീയ നേതൃത്വത്തിനായിട്ടില്ലെന്നതും വാസ്തമാണ്.
ഞങ്ങളുടെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലല്ലോ, അവിടെ എന്തെങ്കിലുമുണ്ടെങ്കില്‍ ആരും പുറത്ത് പോകില്ലല്ലോ എന്ന് ചോദിക്കുന്നു ബാദല്‍. അതുകൊണ്ടാണ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോലും അവര്‍ ബംഗാളിലേക്ക് വണ്ടി കയറാത്തത്.