മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്കെന്ന് എഫ്ഐആര്‍
ഫണ്ട് വിനിയോഗം സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതില്‍ ക്രമക്കേട് കണ്ടെത്തി.
മൈക്രോഫിനാന്‍സ് അഴിമതിയില്‍ വെളളാപ്പളളി നടേശന് നേരിട്ട് പങ്കുണ്ടെന്ന് വിജിലന്‍സ് എഫ്‌ഐആര്‍. ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചനയും സാമ്പത്തിക ക്രമക്കേടും നടന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു.
മൈക്രോഫിനാന്‍സ് സാമ്പത്തിക ക്രമക്കേടില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന് നേരിട്ട് പങ്കുണ്ടെന്നാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് എസ്എന്‍ഡിപി യോഗം വായ്പയെടുത്ത 15.85 കോടി രൂപ അര്‍ഹരായവര്‍ക്ക് ലഭിച്ചിട്ടില്ല. കുറഞ്ഞ പലിശക്ക് ഈ തുക വിതരണം ചെയ്തിട്ടില്ലെന്നതിന് തെളിവുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു. വെളളാപ്പളളി സമര്‍പ്പിച്ച ധനവിനിയോഗ പട്ടികയില്‍ വലിയ ക്രമക്കേടുകളുണ്ട്. ക്രമക്കേട് കണ്ടെത്തിയിട്ടും പിന്നോക്ക വികസന കോര്‍പ്പറേഷന്‍ പണം അനുവദിച്ചു. തട്ടിപ്പ് നടത്തുന്നതിനായി ഉദ്യോഗസ്ഥ തലത്തില്‍ വന്‍ ഗൂഢാലോചന നടന്നതായും എഫ്ഐആറില്‍ കുറ്റപ്പെടുത്തുന്നു. പിന്നോക്ക വികസന കോര്‍പ്പറേഷന്‍ എംഡിയായിരുന്ന നജീബ്, നിലവിലെ എംഡി ദിലീപ് കുമാര്‍ എന്നിവരടക്കമുളള ഉദ്യോഗസ്ഥാണ് ഇതിന് പിന്നിലെന്നും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ ദിവസമാണ് മൈക്രോഫിനാന്‍സ് കേസില്‍ വെളളാപ്പളളിയടക്കം അഞ്ച് പേര്‍ക്കെതിരെ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, പണാപഹരണം എന്നിവക്ക് പുറമേ അഴിമതി നിരോധന നിയമത്തിലുളള കുറ്റവും കേസില്‍ വെളളാപ്പളളിക്കെതിരെ ചുമത്തിയിട്ടുണ്ട്.