മോദിയുടെ 'സൊമാലിയ പരാമര്‍ശം' പൊളിക്കുന്ന കണക്കുകള്‍

Update: 2018-04-15 03:11 GMT
Editor : admin
മോദിയുടെ 'സൊമാലിയ പരാമര്‍ശം' പൊളിക്കുന്ന കണക്കുകള്‍
Advertising

ദേശീയ ശരാശരിയോ മറ്റും സംസ്ഥാനങ്ങളിലെ ശരാശരിയോ വെച്ച് നോക്കുമ്പോഴല്ല കേരളത്തിലെ മറ്റു വിഭാഗക്കാരിലെ ശിശുമരണ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോഴാണ് പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയിലെ ശിശുമരണ നിരക്ക് ആശങ്കാജനകമാകുന്നത്. മനുഷ്യവിഭവസൂചികയില്‍ ബഹ്‌റൈന്‍ പോലുള്ള രാജ്യങ്ങളേക്കാള്‍ മുകളിലുള്ള സംസ്ഥാനമാണ് കേരളമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്...

നരേന്ദ്രമോദി ബിജെപിയുടെ ദേശീയ നേതൃത്വത്തിലെത്തിയതു മുതല്‍ തന്നെ 'ഗുജറാത്ത് മാതൃകയിലുള്ള വികസന'ത്തിന് വലിയ തോതില്‍ പ്രചാരം നല്‍കാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ മറുപുറമെന്നോണം 'കേരള മോഡലിനെ' വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേരളത്തിലെ പട്ടിക വര്‍ഗ്ഗക്കാര്‍ക്കിടയിലെ ശിശുമരണ നിരക്ക് സൊമാലിയയേക്കാള്‍ അപകടകരമായ തോതിലാണെന്ന പരാമര്‍ശം മോദി നടത്തിയത്. എന്നാല്‍ സര്‍ക്കാരിന്റേയും യൂണിസെഫിന്റേയും കണക്കുകള്‍ തന്നെ ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ്.

ബിജെപി സഖ്യത്തിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ റാലിയിലെ പ്രസംഗത്തിനിടെയായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. 'കേരളത്തിലെ പട്ടിക വര്‍ഗ്ഗക്കാരിലെ ശിശുമരണ നിരക്ക് സൊമാലിയയേക്കാള്‍ അപകടകരമാണ്' എന്നതായിരുന്നു മോദിയുടെ വാക്കുകള്‍. മോദിയുടെ സൊമാലിയ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും അടക്കമുള്ളവര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രി പറഞ്ഞതെന്ത്

പ്രധാനമന്ത്രി പറഞ്ഞതെന്ത്? "ഇവിടെ കേരളത്തിലെ പട്ടിക വർഗ്ഗ സമൂഹത്തിൽ ശിശു മരണ നിരക്ക് സൊമാലിയയിലേക്കാൾ അപകടകരമാണ്" ശ്രദ്ധിക്കൂ, കഴിഞ്ഞ അഞ്ചു വർഷവും ഇവിടത്തെ ആദിവാസി വിഭാഗങ്ങളുടെ ദുരിതങ്ങളെ അവഗണിച്ചുകൊണ്ട് അഴിമതികളുടെയും ആഭാസങ്ങളുടെയും പിന്നാലെ പോയ ഉമ്മൻ‌ചാണ്ടി എങ്ങനെയാണു ഈ പ്രസ്താവനയെ വളച്ചൊടിച്ചതെന്ന്.... പ്രതികരിക്കൂ, മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ടുള്ള ഈ അസത്യ പ്രചാരണത്തിനെതിരെ... കള്ളന്മാർകൊണ്ടേപഠിക്കൂ #കള്ളൻചാണ്ടി

Posted by BJP Keralam on Wednesday, May 11, 2016

കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ബിജെപിക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്തതിലെ പകയും ശാപവുമാണ് മോദിയുടെ ഈ വാക്കുകളെന്നാണ് സിപിഎം പിബി അംഗം പിണറായി വിജയന്റെ പ്രതികരണം. മോദിയുടെ സൊമാലിയ പരാമര്‍ശത്തിനെതിരെ ഫേസ്ബുക്ക് ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലും വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ##PoMoneModi എന്ന ഹാഷ് ടാഗും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

സൊമാലിയയേക്കാള്‍ ഭീതിജനകമാണ് കേരളത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയിലെ ശിശുമരണ നിരക്കുകള്‍ എന്ന പ്രസ്താവന തെറ്റാണെന്ന് തെളിയിക്കുന്നത് കണക്കുകള്‍ തന്നെയാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന ഹെല്‍ത്ത് പ്രൊഫൈല്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് റിപ്പോര്‍ട്ട്(2001) അനുസരിച്ച് കേരളത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയിലെ ശിശുമരണ നിരക്ക് പെണ്‍കുട്ടികളില്‍ 64ഉം(1000 കുട്ടികളില്‍) ആണ്‍കുട്ടികളില്‍ 57ഉം(1000 കുട്ടികളില്‍) ആണ്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കണക്കാണിത്. ഈ കണക്കുകള്‍ കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് 2014ല്‍ യൂണിസെഫ് പുറത്തുവിട്ട രേഖകള്‍ കാണിക്കുന്നത്. ഇത് പ്രകാരം പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയിലെ ശിശുമരണ നിരക്ക് ഏറ്റവും കൂടുതലുള്ള വയനാട്ടില്‍ 1000 കുട്ടികളില്‍ 41.47 എന്ന തോതിലാണ് പട്ടികവര്‍ഗ്ഗക്കാരിലെ ശിശുമരണ നിരക്ക്. കേരളം മൊത്തത്തിലെടുത്താല്‍ ശിശുമരണ നിരക്ക് 1000 കുട്ടികളില്‍ 12 ആയി കുറയുകയും ചെയ്യും.

ഇനി സൊമാലിയയിലെ കണക്ക് നോക്കാം. ഇതേ യൂണിസെഫിന്റെ കണക്കുകള്‍ പ്രകാരം 1000 കുട്ടികളില്‍ 137 എന്നതാണ് സൊമാലിയയിലെ ശിശുമരണ നിരക്ക്. 57, 64, 41.17 എന്നിങ്ങനെയുള്ള ഏത് കണക്ക് വെച്ചു നോക്കിയാലും സൊമാലിയയിലെ 137ന്റെ ഏഴയലത്ത് കേരളത്തിലെ പട്ടികവര്‍ഗ്ഗക്കാരിലെ ശിശുമരണ നിരക്ക് വരില്ല. ദേശീയ ശരാശരിയോ മറ്റും സംസ്ഥാനങ്ങളിലെ ശരാശരിയോ വെച്ച് നോക്കുമ്പോഴല്ല കേരളത്തിലെ മറ്റു വിഭാഗക്കാരിലെ ശിശുമരണ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോഴാണ് പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയിലെ ശിശുമരണ നിരക്ക് ആശങ്കാജനകമാകുന്നത്. മനുഷ്യവിഭവസൂചികയില്‍ ബഹ്‌റൈന്‍ പോലുള്ള രാജ്യങ്ങളേക്കാള്‍ മുകളിലുള്ള സംസ്ഥാനമാണ് കേരളമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

ഗുജറാത്ത് ഉള്‍പ്പടെയുള്ള കേരളത്തിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് പോലും നിലവില്‍ സ്വപ്‌നം കാണാന്‍ സാധിക്കാത്ത നേട്ടമാണ് കേരളത്തിലെ ആരോഗ്യരംഗം കൈവരിച്ചിരിക്കുന്നത് എന്നതാണ് വസ്തുത. ശിശുമരണ നിരക്കില്‍ രാജ്യത്തെ ദേശീയശരാശരി ആണ്‍കുട്ടികളില്‍ 84ഉം പെണ്‍കുട്ടികളില്‍ 88ഉം ആണ്. തുടര്‍ച്ചയായി 13വര്‍ഷം നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലെ ശിശുമരണ നിരക്ക് ആണ്‍കുട്ടികളില്‍ 59ഉം പെണ്‍കുട്ടികളില്‍ 65ഉം ആണ്. രാജ്യത്തെ ഏറ്റവും അപകടകരമായ നിലയിലുള്ള ശിശുമരണ നിരക്കുള്ള(1000 കുട്ടികളില്‍ 110) മധ്യപ്രദേശ് ഭരിക്കുന്നതും ബിജെപി തന്നെ.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News