എസ്‌കെ വിടപറഞ്ഞിട്ട് 36 വര്‍ഷം
അറിയാത്ത വന്‍കരകളെ തന്റെ യാത്രയിലൂടെ എസ് കെ മലയാളിയെ അനുഭവിപ്പിച്ചു. കാപ്പിരികളുടെ നാടും, ബാലി ദ്വീപും, നൈല്‍ ഡയറിയും പാതിരാസൂര്യന്റെ നാടും അവര്‍ വായിച്ചറിഞ്ഞു...
ഒരു ദേശത്തെ ലോകത്തിന് മുഴുവനും, ലോകത്തെ കേരളത്തിലേക്കുമെത്തിച്ച പ്രിയ സാഹിത്യകാരന്‍ എസ്‌കെ പൊറ്റെക്കാട് വിട്ട് പിരിഞ്ഞിട്ട് 36 വര്‍ഷം. കാലങ്ങള്‍ക്കതീതമായി ഇന്നും എസ്‌കെ എന്ന എഴുത്തുകാരന്‍ വായനക്കാരന്റെ മനസ്സില്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.
ഗ്രാമത്തിന്റെ ചിത്രമായിരുന്നു എസ്‌കെയുടെ എഴുത്തുകള്‍. പച്ചയായ ഒരു പറ്റം മനുഷ്യരുടെ കഥകള്‍ താന്‍ കണ്ട ജീവിതം, താനറിഞ്ഞ മനുഷ്യര്‍ അവരെയെല്ലാം വായനക്കാരന്റെ മനസ്സിലേക്ക് ആവാഹിക്കുകയായിരുന്നു എസ്‌കെ യെന്ന ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട്. ഓരോ യാത്രയും ഓരോ അനുഭവമായി. ആ അനുഭവങ്ങള്‍ പിന്നീട് വായനക്കാരന്റെ ലഹരിയായി.
ശ്രീധരനൊപ്പം അതിരാണിപ്പാടവും ഓമഞ്ചിയുടെയും കേളുമാഷിന്റെയും കൂടെ മിഠായി തെരുവും ഒരു ദേശത്ത് നിന്നു മറ്റൊരു ദേശത്തേക്ക് സഞ്ചരിച്ചു. അറിയാത്ത വന്‍കരകളെ തന്റെ യാത്രയിലൂടെ എസ് കെ മലയാളിയെ പഠിപ്പിച്ചു. കാപ്പിരികളുടെ നാടും, ബാലി ദ്വീപും, നൈല്‍ ഡയറിയും പാതിരാസൂര്യന്റെ നാടും അവര്‍ അനുഭവിച്ചറിഞ്ഞു. ഇന്നും എസ് കെയുടെ കൃതികള്‍ക്ക് വായനക്കാര്‍ കൂടുക തന്നെയാണ്.
എസ് കെ ഓരോ യാത്രക്കും തുടക്കം കുറിച്ചയുടെ ചന്ദ്രകാന്തം വീട് പുതുമോടിയിലേക്ക് മാറുന്നു എസ് കെയുടെ കൃതികളും ഡയറികുറിപ്പുകളും ഉപയോഗിച്ച വസ്തുക്കളുമെല്ലാം എസ് കെ സാംസ്‌കാരിക കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്നു. എസ് കെ യെ അടുത്തറിയാനാഗ്രഹിക്കുന്നവര്‍ക്ക് ഇവിടെയെത്താം.
രണ്ട് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ് കെ സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠവും നേടിയിരുന്നു. 1982ലാണ് എസ് കെ ലോകത്തോട് വിടപറയുന്നത്.