യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊല; വാഹനം വാടകക്കെടുത്തയാളെ തിരിച്ചറിഞ്ഞു
കൊലപാതകത്തിന് ശേഷം വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളിലെ നഷ്ടം സംബന്ധിച്ച് റവന്യൂവകുപ്പ് കണക്കെടുപ്പ് ആരംഭിച്ചു.
നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ കൊലയാളി സംഘം ഉപയോഗിച്ച വാഹനം വാടകക്കെടുത്തയാളെ തിരിച്ചറിഞ്ഞു.
ഇയാളുടെ വളയത്തുള്ള വീട്ടില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. കൊലപാതകത്തിന് ശേഷം വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളിലെ നഷ്ടം സംബന്ധിച്ച് റവന്യൂവകുപ്പ് കണക്കെടുപ്പ് ആരംഭിച്ചു.
മുഹമ്മദ് അസ്‍ലമിനെ വധിച്ച സംഘം ഉപയോഗിച്ച വാഹനം കഴിഞ്ഞ ദിവസം വടകരയില്‍ നിന്നാണ് പോലീസ് കണ്ടെടുത്തത്. പേരാമ്പ്ര സ്വദേശിയില്‍ നിന്നും ഈ വാഹനം വാടകക്കെടുത്തത് വളയത്തുള്ള ഒരു സിപിഎം പ്രവര്‍ത്തകനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. പ്രദേശത്തെ ഒരു സിപിഎം നേതാവിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തി. പോലീസ് പരിശോധനയില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകര്‍ രംഗത്തുവന്നെങ്കിലും നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് പിന്‍മാറി.
കൊലപാതകത്തിന് ശേഷം വെള്ളൂര്‍, കുമ്മങ്കോട് ഭാഗങ്ങളില്‍ മുപ്പതോളം വീടുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. അഞ്ച് വാഹനങ്ങളും ആക്രമിക്കപ്പെട്ടു. ഇവിടെയുണ്ടായ നഷ്ടം കണക്കാക്കുന്ന നടപടികള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ആരംഭിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നാദാപുരം മേഖലയിലെ പോലീസ് കാവല്‍ ശക്തിപ്പെടുത്തി. സര്‍വ്വകക്ഷി യോഗത്തിന്റെ ആവശ്യം പരിഗണിച്ച് രണ്ട് കമ്പനി പോലീസ് കൂടി സുരക്ഷക്കായി പ്രദേശത്ത് നിയോഗിച്ചു. കുറ്റ്യാടി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.