പോലീസ് സ്റ്റേഷനുകളിലെ യോഗ നിര്‍ത്തി
ശ്രീ ശ്രീ രവിശങ്കറിന്റേയും, ബാബാ രാംദേവിന്റെ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ജീവനക്കാരായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യോഗപരിശീലനം നല്‍കിയിരുന്നത്.
രാജ്യത്തെ പോലീസ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധിത യോഗ പരിശീലനം അവസാനിപ്പിക്കാന്‍ കേന്ദ്രത്തിന്റെ ഉത്തരവ്. ഇതേത്തുടര്‍ന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ സ്റ്റേഷനുകളില്‍ നടത്തിയിരുന്ന യോഗ അവസാനിപ്പിച്ചു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2015 ഏപ്രില്‍ ഒന്ന് മുതലാണ് രാജ്യത്തെ പോലീസുകാര്‍ക്ക് യോഗ നിര്‍ബന്ധിതമായാക്കിയത്.
വലിയ ആശങ്കകള്‍ക്കും വിവാദങ്ങള്‍ക്കുമിടെ നടപ്പാക്കിയ നിര്‍ബന്ധിത യോഗ പരിശീലനമാണ് കേന്ദ്രം അവസാനിപ്പിച്ചത്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി അവസാനിച്ചതിനാല്‍ അതിന്റെ ഭാഗമായി നടപ്പിലാക്കിയ പോലീസ് സ്റ്റേഷനുകളിലെ യോഗ പരിശീലനവും അവസാനിപ്പിക്കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്.
ആയുഷ് മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഷീല ടിര്‍ക്കി പുറത്തിറക്കിയ ഉത്തരവ് രാജ്യത്തെ മുഴുവന്‍ ചീഫ് സെക്രട്ടറിമാര്‍ക്കും,പോലീസ് മേധാവികള്‍ക്കും നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ നടപ്പിലാക്കിയിരുന്ന യോഗ ക്ലാസുകള്‍ അവസാനിപ്പിച്ചു. കേരളത്തില്‍ യോഗ പരിശീലനത്തിനെതിരെ ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരും,സിപിഎം നേതാക്കളും രംഗത്ത് വന്നിരുന്നു. പോലീസ് ട്രെയിനര്‍മാര്‍ക്കൊപ്പം ശ്രീ ശ്രീ രവിശങ്കറിന്റേയും, ബാബാ രാംദേവിന്റെ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ജീവനക്കാരായിരുന്നു രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്