ഹോട്ടല്‍ ഭക്ഷണത്തിന് വില കൂടും
നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കൂട്ടുന്നത്
ഹോട്ടലുകള്‍ ഊണിന്റെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കൂട്ടുന്നത്. വില വര്‍ദ്ധിപ്പിക്കാതെ വ്യവസായം തുടരാനാകില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു.
അരിയുടെ വില ദിവസേന കൂടിവരുന്നു. ഹോട്ടല്‍ ഭക്ഷണത്തിലെ അവിഭാജ്യഘടകമായ സാമ്പാര്‍ ഉണ്ടാക്കണമെങ്കില്‍ പച്ചക്കറിക്ക് വലിയ വില നല്‍കണം. വെണ്ടയുടെയും ബീന്‍സിന്‍റെയും പയറിന്‍റെയും വില 80 രൂപയാണ്. പാചകവാതകത്തിന്‍റെ വിലയും കുത്തനെ കൂട്ടി. ഈ സാഹചര്യത്തിലാണ് ഊണിന്‍റെ വില കൂട്ടാന്‍ ഹോട്ടലുടമകള്‍ ഒരുങ്ങുന്നത്.
നിലവില്‍ 35 മുതല്‍ 50 രൂപ വരെയാണ് ഒരു നേരത്തെ ഊണിന് ഹോട്ടലുകാര്‍ ഈടാക്കുന്ന വില. വിലവര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ അഞ്ച് രൂപ വരെ കൂട്ടാനാണ് ആലോചിക്കുന്നത്. മില്‍മ പാലിന്‍റെ വില കൂടിയതിനെ തുടര്‍ന്ന് ചായയുടെ വില പല ഹോട്ടലുകളിലും ഇതിനകം കൂട്ടിയിട്ടുണ്ട്. വില ഏകീകരണം ഇല്ലാത്ത സാഹചര്യത്തില്‍ ഹോട്ടലുടമകള്‍ക്ക് തോന്നിയ പോലെ വില കൂട്ടുന്നത് സാധാരണക്കാരെ ബാധിക്കും.