ജിസിഡിഎയുടെ ഭൂമി ഇടപാടുകളില്‍ വന്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്
കുറഞ്ഞ തറവില നിശ്ചയിച്ച് ഉയര്‍ന്ന വിപണിമൂല്യമുള്ള ഭൂമി വിറ്റതിലൂടെ കോടികളുടെ നഷ്ടം ജിസിഡിഎയ്ക്ക് ഉണ്ടായതായി റിപ്പോര്‍ട്ട്
സമീപകാലത്ത് ജിസിഡിഎ നടത്തിയ ഭൂമി ഇടപാടുകളില്‍ വന്‍ ക്രമക്കേടുള്ളതായി ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുറഞ്ഞ തറവില നിശ്ചയിച്ച് ഉയര്‍ന്ന വിപണിമൂല്യമുള്ള ഭൂമി വിറ്റതിലൂടെ കോടികളുടെ നഷ്ടം ജിസിഡിഎയ്ക്ക് ഉണ്ടായതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
വിവിധയിടങ്ങളിലായി പ്ലോട്ട് തിരിച്ച് ജിസിഡിഎ സ്വകാര്യവ്യക്തികള്‍ക്ക് ഭൂമി വിറ്റതില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റാണ് കണ്ടെത്തിയത്. സമീപകാലത്ത് ജിസിഡിഎ ഭൂമി മറിച്ചുവിറ്റത് സ്കീമുകള്‍ മാറ്റിയാണെന്നും ഓഡിറ്റിങ്ങില്‍ വ്യക്തമായി. രാമേശ്വരത്ത് തൊട്ടടുത്തായുള്ള സ്ഥലങ്ങള്‍ വിറ്റത് രണ്ട് വിലയ്ക്കാണെന്നും ഓഡിറ്റിങില്‍ കണ്ടെത്തി. സെന്റിന് 12 ലക്ഷം വിപണിവിലയുള്ള ഇവിടെ കുറഞ്ഞ തറവില നിശ്ചയിച്ചാണ് വില്‍പ്പന നടത്തിയതെന്നും ഇതിലൂടെ 80 ലക്ഷത്തിന്റെ നഷ്ടം ഉണ്ടായതായും ഓഡിറ്റിങ്ങില്‍ കണ്ടെത്തി.
കാക്കനാട് കളക്ട്രേറ്റിന് സമീപത്ത് സെന്റിന് 30 ലക്ഷം രൂപ മാര്‍ക്കറ്റ് വിലവരുന്ന ഭൂമി ജിസിഡിഎ വിറ്റത് വെറും 4.8 ലക്ഷത്തിനാണെന്നും കണ്ടെത്തി. പനമ്പിള്ളി നഗറില്‍ സെന്റിന് 35 ലക്ഷം രൂപ വരെ വിപണിവിലയുള്ള 20 സെന്റ് സ്ഥലം റോയി മാത്യുവെന്ന ആള്‍ക്ക് ജിസിഡിഎ വിറ്റത് വെറും 15.30 ലക്ഷത്തിന്. ഇവിടെ ഭൂമിയുടെ തറവില നിശ്ചയിച്ചിരുന്നത് 20 ലക്ഷമായിരുന്നുവെന്നും ഓഡിറ്റിങില്‍ കണ്ടെത്തി. ഇിലൂടെ ജിസിഡിഎക്ക് ഉണ്ടായ നഷ്ടം സെന്റിന് 20 ലക്ഷം വീതമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സെന്റിന് മാര്‍ക്കറ്റ് വില 40 ലക്ഷം രൂപയുള്ള കെഎസ്ആര്‍ടിസി സ്റ്റാന്‍റിന് സമീപത്തെ 20 സെന്റ് ഭൂമി ജില്ലയിലെ പ്രമുഖ വ്യാപാരിക്ക് സെന്‍റിന് വെറും 12.4 ലക്ഷത്തിന് വിറ്റതിലൂടെയും കോടികളുടെ നഷ്ടമുണ്ടായി. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ ഉയര്‍ന്ന വിപണിമൂല്യമുള്ള ഭൂമി വിറ്റതിനാല്‍ ഭാവിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി വേറെ കണ്ടെത്താന്‍ നിര്‍വാഹമില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.