ദേശീയപാത സ്ഥലമേറ്റെടുപ്പ്: പരാതിയില്‍ ഹിയറിംഗ് ഇന്ന്
സ്ഥലമേറ്റെടുപ്പിനെതിരെ അഡ്വ.ഷബീന നടത്തുന്ന നിരാഹാരസമരം ഒമ്പതാം ദിവസത്തിലേക്ക്
കുറ്റിപ്പുറം-ഇടിമുഴീക്കല്‍ റീച്ചിലെ ദേശീയപാതാ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പരാതികളിലെ ഹിയറിംഗ് ഇന്ന് തുടങ്ങും. സ്വാഗതമാട് പാലച്ചിറമാട് ബൈപ്പാസിനെതിരെ അഡ്വ.ഷബീന നടത്തുന്ന നിരാഹാര സമരം ഒമ്പതാം ദിനത്തിലേക്ക് കടന്നു.
കുറ്റിപ്പുറം-ഇടിമുഴീക്കല്‍ റീച്ചില്‍ ഇതിനകം 42 കിലോമീറ്ററിലാണ് സര്‍വേ നടന്നത്. 12 കിലോമീറ്ററില്‍ കൂടി സര്‍വേ നടത്താനുണ്ട്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് 1928 പരാതികളാണ് ഇതുവരെ ലഭിച്ചത്. കോട്ടക്കലില്‍ പ്രവര്‍ത്തിക്കുന്ന ദേശീയപാതാ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസാണ് പരാതികള്‍ പരിഗണിക്കുന്നത്.
അലൈന്‍മെന്‍റിലെ അപാകത, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചുള്ളതാണ് പരാതികള്‍. പരാതികളില്‍ ഇന്ന് മുതല്‍ ഹിയറിംഗ് ആരംഭിക്കും. ഹിയറിംഗ് മെയ് എട്ട് വരെ തുടരും. ശനിയാഴ്ച നിര്‍ത്തിയ സര്‍വേ ചേളാരിയില്‍ നിന്നാണ് പുനരാരംഭിക്കുന്നത്. അരീത്തോട് മുതല്‍ വലിയപറമ്പ് വരെയുള്ള ഒന്നേകാല്‍ കിലോമീറ്ററിലെ അലൈന്‍മെന്‍റ് മാറ്റുന്നത് സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുക്കും.
സ്വാഗതമാട് - പാലച്ചിറമാട് ബൈപ്പാസിനെതിരെ അഡ്വ.ഷബീന നടത്തുന്ന നിരാഹാര സമരം ഒമ്പതാം ദിനവും തുടരുകയാണ്. അരീത്തോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്ഥലമെടുപ്പിനെതിരെ കുടില്‍കെട്ടി സമരവും നടക്കുന്നുണ്ട്.