പുന്നമടക്കായലില്‍ ഇന്ന് ജല പൂരം
നെഹ്രു ട്രോഫി വള്ളം കളി ഇന്ന് പുന്നമടക്കായലില്‍
അറുപത്തിനാലാമത് നെഹ്‌റു ട്രോഫി ജലോല്‍സവം ഇന്ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കും. ഇരുപത്തിയഞ്ച് ചുണ്ടന്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന ഇത്തവണ സമയത്തിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ നിശ്ചയിക്കുക. അതിനാല്‍ മത്സരം ആവേശകരമാകും. ഗവര്‍ണര്‍ പി.സദാശിവമാണ് മുഖ്യാതിഥി.
കുട്ടനാടന്‍ കരയെ ആവേശത്തിലാഴ്ത്തി പുന്നമടക്കായല്‍ ഇന്ന് തുഴയേറില്‍ സമ്പന്നമാകും. വിവിധ ഹീറ്റ്‌സുകളിലായ് ഇരുപത് ചുണ്ടനും പ്രദര്‍ശന മത്സരത്തില്‍ അഞ്ച് ചുണ്ടനും പങ്കാളികളാവും. ഹീറ്റ്‌സ് മത്സരങ്ങളില്‍ ഏറ്റവും കുറഞ്ഞ വേഗത്തില്‍ ഫിനിഷ് ചെയ്യുന്ന വള്ളങ്ങളെയാണ് ഫൈനലില്‍ പങ്കെടുപ്പിക്കുക. ഇതിനായ് സ്റ്റാര്‍ടിംഗ് പോയിന്റിലും ഫിനിഷിംഗ് പോയിന്റിലും ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തി ആഴംകൂട്ടി ട്രാക്കുകള്‍ ക്രമീകരിച്ചു.
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഈ ജലമേളക്ക് ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ ഒരുകോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ 25ലക്ഷവും അനുവദിച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്കു പുറമേ, കേന്ദ്രമന്ത്രി അനന്ത് കുമാര്‍, നടന്‍ ജയറാം എന്നിവരും പങ്കെടുക്കും. വിദേശികളുള്‍പ്പടെയുള്ള കാണികളെത്തുമെന്നതിനാല്‍ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ഇനി ജലോല്‍സവ പ്രേമികളുടെ ലോകം പുന്നമടക്കായലിലെ ഫിനിഷിംഗ് പോയന്റിലേക്കു നീങ്ങുന്ന നിമിഷങ്ങള്‍. ആകാംക്ഷയുടെ പുന്നമടക്കയിലേക്കിനി ഒരു തുഴ ദൂരം മാത്രം.