കര്‍ഷകന്റെ ആത്മഹത്യ; അന്വേഷണം ബന്ധുക്കളിലേക്കും വ്യാപിപ്പിക്കുന്നു
കേസിലെ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് സിലീഷിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി
ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകനായ ജോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ബന്ധുക്കളിലേക്കും വ്യാപിപ്പിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളില്‍ നിന്ന് മൊഴിയെടുക്കല്‍ ഇന്നും തുടരും. കേസിലെ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് സിലീഷിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി.
ജോയിയുടെ ആത്ഹത്യാ കുറിപ്പില്‍ സഹോദരനുമായി വാക്കുതര്‍ക്കമുണ്ടായതായി വിശദീകരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കത്തിലെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. ജോയിയുടെ വീട്ടിലെത്തിയ അന്വേഷണസംഘം ഇന്നലെ ഭാര്യ മോളിയുടെ മൊഴിയെടുത്തു. ജോയിയുടെ ആത്മഹത്യാകുറിപ്പ് ഭാര്യ മോളിയാണ് അന്വേഷണ സംഘത്തിന് കൈമാറിയത്. ജോയിയും സഹോദരനുമായി വാക്കുതര്‍ക്കമുണ്ടായില്ലെന്നും എന്നാല്‍ കാലങ്ങളായി അകല്‍ച്ചയിലായിരുന്നുവെന്നും ജോയിയുടെ ഭാര്യ മോളി വ്യക്തമാക്കി.
കേസിലെ പ്രതിയും ചെമ്പനോട വില്ലേജ് അസിസ്റ്റന്റുമായ സിലീഷ് തോമസ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണ് . ജോയിയുടെ ആത്ഹത്യാ കുറിപ്പിലെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇപ്പോള്‍ നീങ്ങുന്നത്. ജോയിയുടെ സഹോദരനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. ജോയിയുടെ രണ്ട് മക്കളുടെ ഭര്‍ത്താക്കന്‍മാരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.