വയനാട് ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുക തോട്ടം തൊഴിലാളികള്‍
തോട്ടം തൊഴിലാളികളുടെ കൂലി പ്രശ്‌നത്തിനു പുറമേ വീടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമെല്ലാം തെരെഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുകയാണ്...
വയനാട് മണ്ഡലങ്ങളില്‍ മുന്നണികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുക തോട്ടം തൊഴിലാളികളുടെ വോട്ടുകള്‍. തോട്ടം തൊഴിലാളികളുടെ കൂലി പ്രശ്‌നത്തിനു പുറമേ വീടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമെല്ലാം തെരെഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുകയാണ്.
കിടക്കാന്‍ ഒരു തുണ്ട് ഭൂമി പോലുമില്ലാതെയാണ് തോട്ടം തൊഴിലാളികളില്‍ പലരുടേയും ജീവിതം. ഇവര്‍ക്ക് വീട് നല്‍കാനായി കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി നടപ്പായിരുന്നില്ല. ഇതിനു പുറമേയായിരുന്നു ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കായി നടന്ന സമരങ്ങള്‍. തോട്ടമുടമകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതരായ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യണമെന്ന ആവശ്യവും നേരത്തെ ഉയര്‍ന്നിരുന്നു.
കൂടുതല്‍ തോട്ടങ്ങളുള്ള കല്‍പ്പറ്റ, മാനന്തവാടി മണ്ഡലങ്ങളിലാകും തൊഴിലാളികളുടെ വോട്ടുകള്‍ നിര്‍ണായകമാവുക. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാനാവാത്തത് മുന്നണികള്‍ക്ക് ഒരു പോലെ തലവേദനയാകുന്നുണ്ട്. അധികാരത്തിലെത്തിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന പതിവ് വാഗ്ദാനങ്ങളില്‍ കുടുങ്ങി വോട്ട് നല്‍കുമെന്ന പ്രതീക്ഷ ആര്‍ക്കും വേണ്ടെന്ന മുന്നറിയിപ്പാണ് തൊഴിലാളികള്‍ നല്‍കുന്നത്.