ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിയില്‍ നിയമന ക്രമക്കേടെന്ന് പരാതി
ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റിന്റെ കരാര്‍ നിയമനത്തില്‍ ക്രമക്കേട് നടന്നതായി പരാതി. യോഗ്യതകള്‍ കാറ്റില്‍പറത്തി സിപിഎം നേതാവായ ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍റെ..
ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റിന്റെ കരാര്‍ നിയമനത്തില്‍ ക്രമക്കേട് നടന്നതായി പരാതി. യോഗ്യതകള്‍ കാറ്റില്‍പറത്തി സിപിഎം നേതാവായ ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍റെ ശിപാര്‍ശയില്‍ യോഗ്യതയില്ലാത്തയാളെ നിയമിച്ചുവെന്നാണ് ആരോപണം. ഇതേക്കുറിച്ച് വിജിലന്‍സില്‍ പരാതി നല്‍കിയിട്ടും ശരിയായ അന്വേഷണം നടന്നില്ലെന്നും ആരോപണമുണ്ട്.
സര്‍ക്കാര്‍ ആശുപത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റ് നിയമനത്തില്‍ ക്രമക്കേട് നടന്നതായി പരാതി. ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിയിലാണ് ഫിസിയോ തെറാപ്പിസ്റ്റിന്റെ കരാര്‍ നിയമനത്തില്‍ ക്രമക്കേട് നടന്നതായി പരാതിയുള്ളത്. വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയവും യോഗ്യതകളും കാറ്റില്‍പ്പറത്തി സി പി എം നേതാവായ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്റെ ശിപാര്‍ശയില്‍ വേണ്ടത്ര പ്രവൃത്തി പരിചയമില്ലാത്തയാളെ നിയമിച്ചുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് വിജിലന്‍സില്‍ പരാതി ലഭിച്ചിട്ടും ശരിയായ അന്വേഷണം നടന്നില്ലെന്നും ആരോപണമുണ്ട്.
ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിയിലെ ജെറിയാട്രിക് കെയര്‍ സെന്ററില്‍ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച കഴിഞ്ഞ ഒക്ടോബര്‍ 17നാണ് നടന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം റാങ്ക് ലിസ്റ്റ് പുറത്തു വന്നപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തന്നെ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ളവരും വയോജന ക്ഷേമ പരിപാടികളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരുമൊക്കെ പിറകിലും കോഴ്സ് കഴിഞ്ഞ് മാസങ്ങള്‍ മാത്രം പിന്നിട്ടയാള്‍ ലിസ്റ്റില്‍ ഏറ്റവും മുന്നിലുമായിരുന്നു. റാങ്ക് ലിസ്റ്റില്‍ ഏറ്റവും മുന്നിലുള്ളയാളെ നിയമിക്കുകയും ചെയ്തു.ഇതു സംബന്ധിച്ചാണ് ആരോപണമുയര്‍ന്നിട്ടുള്ളത്.
കോഴ്സ് പാസ്സായി മാസങ്ങള്‍ മാത്രം കഴിഞ്ഞ വ്യക്തിയ്ക്ക് യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകള്‍ പോലും ലഭിച്ചിട്ടാല്ലത്ത അവസ്ഥയിലാണ് നിയമനം നല്‍കിയത്. കൂടുതല്‍ പ്രവൃത്തി പരിചയവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ വിഷയത്തില്‍ വിജിലന്‍സില്‍ പരാതി നല്‍കിയെങ്കിലും ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അന്വേഷണം അവസാനിപ്പിച്ചുവെന്നും വീണ്ടും ഡിസംബര്‍ 6ന് ഒരു കൂടിക്കാഴ്ച കൂടി നടത്തി അവര്‍ക്കും നിയമനം നല്‍കുമെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്നും പരാതിക്കാര്‍ പറയുന്നു. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും ഇനി മേലുദ്യോഗസ്ഥരില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചേ നടപടിയുണ്ടാവൂ എന്നുമാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.