കേരളാ സര്‍വകലാശാലാ യുവജനോത്സവം: പങ്കെടുക്കാതിരുന്നത് ക്ഷണിക്കാത്തതുകൊണ്ടെന്ന് വിസി

Update: 2018-05-09 02:35 GMT
Editor : Sithara
Advertising

കേരളാ സര്‍വകലാശാലാ യുവജനോത്സവത്തിന്‍റെ സംഘാടക സമിതി രൂപീകരിക്കുന്നതിനെക്കുറിച്ചോ പരിപാടികള്‍ നിശ്ചയിക്കുന്നത് സംബന്ധിച്ചോ ഭാരവാഹികള്‍ തന്നെ അറിയിച്ചിരുന്നില്ലെന്ന് വിസി

കേരളാ സര്‍വകലാശാലാ യുവജനോത്സവത്തിന്‍റെ സംഘാടക സമിതി രൂപീകരിക്കുന്നതിനെക്കുറിച്ചോ പരിപാടികള്‍ നിശ്ചയിക്കുന്നത് സംബന്ധിച്ചോ ഭാരവാഹികള്‍ തന്നെ അറിയിച്ചിരുന്നില്ലെന്ന് വിസി ഡോ. പി കെ രാധാകൃഷ്ണന്‍. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്നത് വേദനയോടെയാണെന്നും വിസി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ നിന്നാണ് യൂണിയന്‍ ഭാരവാഹികളുടെ സമീപനം കാരണം വിസി വിട്ടുനിന്നത്.

Full View

ഇന്നലെ നടന്ന സര്‍വകലാശാലാ യുവജനോത്സവ ഉദ്ഘാടന ചടങ്ങിലാണ് പ്രോട്ടോകോള്‍ ലംഘനം നടന്നത്. മുഖ്യമന്ത്രിയായിരുന്നു ചടങ്ങിന്‍റെ ഉദ്ഘാടകന്‍. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രോട്ടോകോള്‍ പ്രകാരം സര്‍വകലാശാലാ വിസിയാണ് അധ്യക്ഷസ്ഥാനത്തിരിക്കേണ്ടത്. പക്ഷേ ആശംസാ പ്രാസംഗികരുടെ പട്ടികയിലാണ് സംഘാടക സമിതി വിസിയെ ഉള്‍പ്പെടുത്തിയിരുന്നത്. വിസിയെ ഔദ്യോഗികമായി പരിപാടിക്ക് ക്ഷണിച്ചിരുന്നുമില്ല. പ്രോട്ടോകോള്‍ ലംഘനത്തിലൂടെ തന്നെ അപമാനിക്കുകയായിരുന്നു സംഘാടക സമിതിയുടെ ലക്ഷ്യമെന്ന് വിസി പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു. സിന്‍ഡിക്കേറ്റിലെ ഒരു വിഭാഗം തനിക്കെതിരെ നടത്തുന്ന നീക്കത്തിന്‍റെ ഭാഗമാണിതെന്നും വിസി കൂട്ടിച്ചേര്‍ത്തു.

വേദനയോടെയാണ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്നും വിസി പത്രക്കുറിപ്പില്‍ പറയുന്നു. സര്‍വകലാശാല കലോത്സവത്തിനായി സിന്‍ഡിക്കേറ്റ് യോഗം ചട്ടവിരുദ്ധമായി രൂപം നല്‍കിയ സ്റ്റിയറിങ് കം അപ്പലറ്റ് കമ്മിറ്റി വിസി റദ്ദാക്കിരുന്നു. പ്രോ വൈസ് ചാന്‍സിലറെ ചെയര്‍മാനായി പുതിയ കമ്മിറ്റിക്കും വിസി രൂപം നല്‍കി. ഇതാണ് സംഘാടക സമിതിയെ പ്രകോപിപ്പിക്കാന്‍ കാരണം. എസ്എഫ്ഐ ഏകപക്ഷീയമായാണ് സംഘാടക സമിതി രൂപീകരിച്ചതെന്ന് എഐഎസ്എഫും നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News