വേങ്ങരയില്‍ എല്‍ഡിഎഫ് പരിഗണിക്കുന്നത് പൊതുസ്വതന്ത്രനെ
പൊതുസ്വതന്ത്രനെ നിര്‍ത്താതെ ശക്തമായ മത്സരത്തിന് സാധ്യതയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തല്‍.
വേങ്ങരയില്‍ പൊതുസ്വതന്ത്രനെ മല്‍സരിപ്പിക്കണമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. ജില്ലാ സെക്രട്ടേറിയറ്റിന്‍റെ നിലപാട് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പൊതുസ്വതന്ത്രനെ നിര്‍ത്താതെ ശക്തമായ മത്സരത്തിന് സാധ്യതയില്ലെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തല്‍.
പാലോളി മുഹമ്മദ് കുട്ടി, എ വിജയരാഘവന്‍ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്. മുസ്‍ലിം ലീഗിന്‍റെ കോട്ടയായ വേങ്ങരയില്‍ പൊതു സ്വതന്ത്രനെ നിര്‍ത്തണമെന്ന അഭിപ്രായം എല്ലാവരും അംഗീകരിച്ചു. തുടര്‍ന്ന് സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വേങ്ങരം മണ്ഡലം കമ്മിറ്റിയിലും ഇതേ അഭിപ്രായം തന്നെയാണ് ഉയര്‍ന്നത്. ജില്ലയിലെ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നെങ്കിലും ആരും പിന്തുണച്ചില്ല. യുഡിഎഫ് വോട്ടുകള്‍ കൂടി ആകര്‍ഷിക്കാന്‍ കഴിയുന്ന പൊതുസ്വതന്ത്രനെ കണ്ടെത്തണമെന്ന് തന്നെയായിരുന്നു ഭൂരിപക്ഷ അഭിപ്രായം. സജീവ രാഷ്ട്രീയക്കാരല്ലാത്തവരെയും പരിഗണിക്കണമെന്ന് അഭിപ്രായമുണ്ടായി.
ജില്ലാ സെക്രട്ടേറിയറ്റിലും മണ്ഡലം കമ്മിറ്റിയിലും ഉയര്‍ന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. പാര്‍ട്ടിയുടെ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വേങ്ങരയിലെ സ്ഥാനാര്‍ത്ഥി വിഷയം ചര്‍ച്ച ചെയ്യും. ഞായറാഴ്ചയോടെ പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാനായി പഞ്ചായത്ത് കമ്മിറ്റികളുടെ യോഗം ഇന്ന് നടക്കും.