സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്: ലീഗ് സെക്രട്ടറിയേറ്റില്‍ രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ച
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ പേരില്‍ ഉമ്മന്‍ചാണ്ടിയെ ക്രൂശിക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ്. സോളാര്‍ റിപ്പോര്‍ട്ട് ആയുധമാക്കിയുള്ള സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ യുഡിഎഫ് ഒറ്റക്കെട്ടായി..
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ പേരില്‍ ഉമ്മന്‍ചാണ്ടിയെ ക്രൂശിക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ്. സോളാര്‍ റിപ്പോര്‍ട്ട് ആയുധമാക്കിയുള്ള സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ യുഡിഎഫ് ഒറ്റക്കെട്ടായി ചെറുക്കുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് ലീഗ് സെക്രട്ടേറിയറ്റില്‍ നടന്നത്.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ എം കെ മുനീറാണ് യോഗത്തില്‍ വിവരിച്ചത്. പുറത്തുവന്ന വിവരങ്ങള്‍ മനസ്സിന് പ്രയാസമുണ്ടാക്കുന്നതാണെന്ന് ചര്‍ച്ചക്ക് തുടക്കമിട്ട ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി അദ്ദേഹത്തിന് പിന്തുണ നല്‍കണമെന്നും കെഎം ഷാജി ആവശ്യപ്പെട്ടു. ഭൂരിഭാഗം പേരും ഷാജിയുടെ നിലപാടിനോട് യോജിച്ചു.
പൊതുജനങ്ങള്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെന്ന യാഥാര‍്ത്ഥ്യം ഉള്‍ക്കൊണ്ട് വേണം ഈ വിഷയത്തില്‍ പ്രതികരിക്കാനെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു. സോളാര്‍ റിപ്പോര്‍ട്ട് ധാര്‍മികമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും മതത്തിന്‍റെ പശ്ചാത്തലമുള്ള മുസ്ലിം ലീഗ് ആ നിലവാരത്തില്‍ പ്രതികരിക്കണമെന്നുമായിരുന്നു അബ്ദുസ്സമദ് സമദാനിയുടെ നിലപാട്. സമസ്തയും മുജാഹിദുകളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് എം ഐ തങ്ങള്‍ പറഞ്ഞു. ലീഗിന്‍റെ വോട്ട് ബാങ്കായ മുജാഹിദുകളെ പാര്‍ടിയില്‍ നിന്ന് അകറ്റാതെ നോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.