മൂന്നാറില്‍ പ്രത്യേക നിയമനിര്‍മാണം വേണം: ചെന്നിത്തല
മൂന്നാറിലെ പ്രത്യേകതകള്‍ മനസിലാക്കി ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്ത് ദീര്‍ഘകാല പദ്ധതികള്‍ വേണമെന്ന് ചെന്നിത്തല മീഡിയവണിനോട്
മൂന്നാറിലെ പ്രശ്നങ്ങളുടെ പരിഹാരത്തിന് അടിയന്തരമായി പ്രത്യേക നിയമനിര്‍മാണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം അടുത്ത നിയമസഭാ സമ്മേളനത്തില്‍ ആവശ്യപ്പെടും. മൂന്നാറിലെ പ്രത്യേകതകള്‍ മനസിലാക്കി ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്ത് ദീര്‍ഘകാല പദ്ധതികള്‍ വേണമെന്ന് ചെന്നിത്തല മീഡിയവണിനോട് പറഞ്ഞു.
മൂന്നാറില്‍ കയ്യേറ്റങ്ങളൊഴിപ്പിക്കുന്നത് തടയാനാണോ സര്‍ക്കാര്‍ കുരിശ് സംഭവം മറയാക്കുന്നതെന്ന് ചോദിച്ച ചെന്നിത്തല, കോണ്‍ഗ്രസുകാരുടെ കയ്യേറ്റങ്ങള്‍ പോലും ഒഴിപ്പിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്ന് പറഞ്ഞു. മൂന്നാര്‍ നേരിടുന്നത് വളരെ ഗുരുതരമായ പ്രശ്നമാണ്. മൂന്നാര്‍ നേരിടുന്ന അതീവ ഗുരുതര പാരിസ്ഥിതിക പ്രതിസന്ധി പരിഹരിക്കാന്‍ കെട്ടിടനിര്‍മാണത്തിലുള്‍പ്പടെ മൂന്നാറിന് മാത്രമായി പ്രത്യേക നിയമങ്ങള്‍ കൊണ്ടു വരണമെന്ന് ചെന്നിത്തല പറഞ്ഞു
വി എസ് സര്‍ക്കാരിന്‍റെ കാലത്ത് കൊണ്ടു വന്ന നവീന മൂന്നാര്‍ പദ്ധതി പാതി വഴിയില്‍ നിലച്ചത് ഇതിനായുള്ള നിയമനിര്‍മാണം നടക്കാത്തതു കൊണ്ടാണ്. ചിന്നക്കനാല്‍, പള്ളിവാസല്‍ പോലുള്ള കെഡിഎച്ച് വില്ലേജിനോട് ചേര്‍ന്ന വില്ലേജുകളിലെ പട്ടയങ്ങള്‍ പരിശോധിക്കാനും സംവിധാനമുണ്ടാകണമെന്ന് ചെന്നിത്തല പറഞ്ഞു. കയ്യേറ്റങ്ങളുടെ കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിനും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മൂന്നാറില്‍ വന്‍കിട കയ്യേറ്റങ്ങളാണ് അദ്യം ഒഴിപ്പിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.