അയിത്തത്തിന് പരിഹാരം കാണാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് ചക്ലിയര്‍
തങ്ങള്‍ നേരിടുന്ന ജാതിവിവേചനം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചക്ലിയരുടെ നേതാവ് ശിവരാജന്‍ പറഞ്ഞു
തങ്ങള്‍ നേരിടുന്ന അയിത്തത്തിന് പരിഹാരം കാണാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ചക്ലിയര്‍. ഹൈക്കോടതി ഉത്തരവ് പ്രകാരം ചക്ലിയര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടും അവര്‍ ക്ഷേത്രത്തില്‍ തന്നെയാണ് കഴിയുന്നത്. തങ്ങള്‍ നേരിടുന്ന ജാതിവിവേചനം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചക്ലിയരുടെ നേതാവ് ശിവരാജന്‍ പറഞ്ഞു.
ചക്ലിയര്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് കോളനിയില്‍ ഇപ്പോള്‍ പെലീസ് സാന്നിദ്ധ്യമുണ്ട് എന്നാല്‍, തങ്ങള്‍ നേരിടുന്ന അയിത്തത്തിന് പരിഹാരം കാണാതെ വീടുകളിലേക്ക് മടങ്ങില്ലെന്നാണ് ചക്ലിയരുടെ നിലപാട്.
ഇതിനിടെ, അംബേദ്കര്‍ കോളനിയില്‍ നിലനില്‍ക്കുന്ന അയിത്തം ഒറ്റപ്പെട്ട സംഭവമാണെന്ന് കോളനിയില്‍ സന്ദര്‍ശനം നടത്തിയ എംബി രാജേഷ് എംപി ഫേസ്ബുക്കില്‍ കുറിച്ചു. തമിഴ്നാട് അതിര്‍ത്തിയില്‍ ജാതി ഒരു യാഥാര്‍ത്ഥ്യമാണ്. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് മുതലെടുപ്പ് നടത്തുകയാണ് ചിലരെന്നും എംബി രാജേഷ് കുറ്റപ്പെടുത്തി. എന്നാല്‍, അംബേദ്കര്‍ കോളനിയിലെ അയിത്തം ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ചക്ലിയരുടെ നിലപാട്.
വരുന്ന പത്തൊമ്പതിന് കലക്ടറുടെ അധ്യക്ഷതയില്‍ ചക്ലിയരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. ഇരുപത്തിമൂന്നിന് പട്ടികജാതി കമ്മീഷന്‍ കോളനിയില്‍ സിറ്റിങ് നടത്തും. പട്ടിക ജാതി മനുഷ്യാവകാശ കമ്മീഷനുകള്‍ പൊലീസിന് നോട്ടീസയച്ചതിനെ തുടര്‍ന്ന് ചക്ലിയരെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അഖിലിനെതിരെ പൊലീസ് പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. നേരത്തെ ഇതേ പരാതി സ്വീകരിക്കാന്‍ പോലും പൊലീസ് തയ്യാറായിരുന്നില്ല.